കണ്ണൂർ: കൊവിഡ് വാക്സിന്റെ ആദ്യഘട്ട കുത്തിവയ്പ്പ് ജില്ലയിൽ തുടങ്ങി.ജില്ലാ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം വാക്സിൻ കുത്തിവെയ്‌പ്പെടുതോടെയാണ് ജില്ലയിലെ കൊവിഡ് വാക്സിനേഷന് തുടക്കമായത്. മറ്റ് കേന്ദ്രങ്ങളിൽ കൊവിൻ ആപ്പ് അനുസരിച്ചുള്ള പട്ടികയനുസരിച്ചാണ് കുത്തിവയ്പ്പിനായി ആളുകളെ തിരഞ്ഞെടുത്തത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
രാവിലെ 11.15ഓടെയാണ് വാക്സിനേഷൻ ആരംഭിച്ചത്. 0.5 മില്ലീ ലിറ്റർ ഡോസ് വീതമാണ് ആദ്യഘട്ടത്തിൽ നൽകിയത്. ഇവരെ അരമണിക്കൂർ നിരീക്ഷിച്ചതിനു ശേഷം വിട്ടയച്ചു. കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്.
പരിയാരം ഗവ.മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, പാനൂർ, ഇരിട്ടി താലൂക്ക് ആശുപത്രികൾ, മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രം, തേർത്തല്ലി, കൊട്ടിയൂർ, കതിരൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ചെറുകുന്ന് ഗവ.ആയുർവേദ ആശുപത്രി എന്നീ ഒമ്പത് കേന്ദ്രങ്ങളിലായിരുന്നു വാക്സിനേഷൻ.
കൊവിഡ് പ്രതിരോധത്തിൽ പുതിയ വഴിത്തിരിവാണ് പ്രതിരോധ വാക്സിൻ കണ്ടുപിടുത്തമെന്നും കൊവിഡിനോട് പോരാടാൻ വാക്സിൻ പുത്തനുണർവ് നൽകുമെന്നും ജില്ലയിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം പറഞ്ഞു. വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ വാക്സിനെടുപ്പോൾ ഉണ്ടായില്ലെന്നും വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
32,150 ഡോസ് കൊവിഷീൽഡ് വാക്സിനാണ് കഴിഞ്ഞദിവസം ജില്ലയിലെത്തിയത്. ആദ്യഘട്ടത്തിൽ 14,000 പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. രണ്ട് ഡോസുകൾ വീതം നൽകാനുള്ള വാക്സിനാണ് നിലവിൽ എത്തിയിട്ടുള്ളത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാലും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആദ്യ കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് നൽകുക.
ജില്ലാ കലക്ടർ ടി.വി സുഭാഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം. പ്രീത, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.കെ ഷാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ബി. സന്തോഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
പടം..
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രന് സീനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് കെ.എസ്. ഗിരിജ ആദ്യഡോസ് വാക്സിൻ നൽക്ന്നു )