kk-shailaja

കണ്ണൂർ : ലഭ്യതയ്ക്കനുസരിച്ച് കൊവിഡ് വാക്സിൻ എല്ലാവർക്കും നൽകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വാക്സിൻ എത്ര കിട്ടുന്നു എന്നതിനെ ആശ്രയിച്ചാണ് മുൻഗണന നിശ്ചയിക്കുന്നത്. കൂടുതൽ അളവ് ലഭിച്ചാലുടൻ എല്ലാവർക്കും ലഭ്യമാക്കും. ജില്ലാ ആശുപത്രിയിൽ കൊവിഡ് വാക്സിനേഷനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വാക്സിൻ ഒരുമിച്ച് ലഭിക്കുന്നപക്ഷം എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവ ലഭ്യമാക്കും. അതിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. ലോകത്തെമ്പാടും ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിന് മുൻഗണന. കൊവിഡ് വാക്സിൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ആദ്യ ഡോസെടുത്ത് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് എടുക്കുക. സാവധാനം മാത്രമേ പ്രതിരോധം ആർജ്ജിക്കാനാകൂ. കുത്തിവയ്പ് എടുത്തു എന്നതുകൊണ്ട് ഇപ്പോൾ നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.