കണ്ണൂർ: സംരക്ഷിത സ്മാരകമാക്കി മാറ്റിയ കണ്ണൂർ സെന്റ് ജോൺസ് സിഎസ്‌ഐ ഇംഗ്ലീഷ് പള്ളിയുടെ സമർപ്പണവും പുരാരേഖ കൈമാറ്റവും പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂരിൽ സെന്റ് ജോൺസ് പള്ളിക്ക് പുറമെ ആദ്യകാല കളക്ടറേറ്റ് ആയിരുന്ന നിലവിലെ ഹാൻഡ് വീവ് കെട്ടിടവും പയ്യാമ്പലം ഗേൾസ് ഹൈസ്‌കൂളിന്റെ മുഖമണ്ഡപവുമാണ് സംരക്ഷിത സ്മാരകങ്ങളാക്കുന്നത്.
ഹാൻ വീവ് കെട്ടിടത്തിൽ 65 ലക്ഷം രൂപ ചെലവഴിച്ച് ശാസ്ത്രീയ സംരക്ഷണം പൂർത്തിയാക്കി. പയ്യാമ്പലം ഗേൾസ് ഹൈസ്‌കൂളിൽ 47 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന മുഖമണ്ഡപത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. പള്ളി സംരക്ഷിത സ്മാരകമാക്കി മാറ്റുമ്പോൾ അതിന്റെ കൈവശ, പരിപാലന അവകാശങ്ങളിലോ ആചാര അനുഷ്ഠാനങ്ങളിലോ സർക്കാർ യാതൊരുവിധ ഇടപെടലും നടത്തുന്നതല്ലെന്നും ഈ ചരിത്ര നിർമ്മിതിയെ വരും തലമുറയ്ക്ക് വേണ്ടി പരിപാലിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.
86.50 ലക്ഷം രൂപയാണ് സെന്റ് ജോൺസ് പള്ളിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. കൂടാതെ വിശുദ്ധ ബൈബിൾ ഉൾപ്പെടെയുള്ള അമൂല്യ രേഖകൾ സംരക്ഷിക്കുന്നതിന് പുരാരേഖ വകുപ്പിന് 22.29 ലക്ഷവും അനുവദിച്ചിരുന്നു.
ഇടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയിസ് മനോജ് വിക്ടർ ഏറ്റുവാങ്ങി. തുടർന്ന് പള്ളിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച ശിലാഫലകത്തിന്റെ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടർ ജെ രജികുമാർ, പുരാവസ്തു വകുപ്പ് കൺസർവേഷൻ എൻജിനീയർ എസ് ഭൂപേഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കന്റോൺമെന്റ് ബോർഡ് വൈസ് പ്രസിഡണ്ട് കേണൽ പി പത്മനാഭൻ, സെന്റ് ജോൺസ് സിഎസ്‌ഐ ചർച്ച് വികാരി രാജു ചീരൻ സൈമൺ എന്നിവർ പങ്കെടുത്തു.
1853 തൊട്ടുള്ള രേഖകൾ
1853 മുതൽ പഴക്കമുള്ള രേഖകളാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷണ വിധേയമാക്കിയത്. 1892ൽ ആദ്യ പ്രതിയായി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിൾ, ബാപ്റ്റിസം രജിസ്റ്റർ, മാരേജ് രജിസ്റ്റർ, ബറിയൽ രജിസ്റ്റർ, ഫാമിലി രജിസ്റ്റർ, സർവ്വീസ് രജിസ്റ്റർ എന്നിങ്ങനെ പതിനായിരത്തോളം പേജുകൾ വരുന്ന നാൽപതിലധികം രേഖകളാണ് വകുപ്പ് സംരക്ഷണത്തിനായി ഏറ്റെടുത്തത്.
നവീകരണമെന്ന പേരിൽ ചരിത്ര ശേഷിപ്പുകളുടെ പ്രാധാന്യം നശിപ്പിക്കരുത്. ചരിത്ര പ്രാധാന്യമുള്ള പള്ളികൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരുന്നത് കൊണ്ടല്ല, മറിച്ച് നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ അവയുടെ ചരിത്ര മൂല്യം നശിച്ചതാണ് അവ എണ്ണത്തിൽ കുറയാൻ കാരണം - മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി