പയ്യന്നൂർ : ഗവ: താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന സാന്ത്വന പരിചരണ ദിനാചരണം, രോഗ ബാധിതർക്കും കുടുംബങ്ങൾക്കും വേറിട്ടൊരു അനുഭവമായി.
ദീർഘകാല രോഗികളായി കൊവിഡ് കാലത്ത് ആശുപത്രികളിലെത്തിച്ചേരാൻ കഴിയാതെ പ്രയാസപ്പെടുന്ന പരിചരണാർഹരെ വീടുകളിലെത്തി ഫിസിഷ്യനുൾപ്പെടെയുള്ള ഡോക്ടർമാർ, പാലിയേറ്റീവ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ്, കമ്യൂണിറ്റി വളണ്ടിയർമാരുൾപ്പെടെയുള്ള വിദഗ്ധ സംഘം പരിശോധിച്ച് ആവശ്യമായ ഉപദേശ നിർദേശങ്ങളും, മരുന്നു വിതരണവും നടത്തി. ഐ.ആർ.പി.സി. കുന്നരു ലോക്കൽ ഗ്രൂപ്പ്, ഗാർഡിയൻ എയ്ഞ്ചൽസ് പൊടിത്തടം എന്നിവയുടെ സഹകരണത്തോടെയായരുന്നു പരിപാടി.
45 വീടുകളിലായി 48 രോഗികളെ സംഘം സന്ദർശിച്ചു. സൗജന്യ പരിശോധനയ്ക്കും മരുന്ന് വിതരണത്തിനുമൊപ്പം രോഗികൾക്കാവശ്യമായ വീൽ ചെയർ, വാക്കർ മുതലായ ഉപകരണങ്ങളും വിതരണം ചെയ്തു. ഗാർഡിയൻ എയ്ഞ്ചൽസ് പൊടിത്തടത്തിന്റെ സഹായത്തോടെ രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷൈമ, പയ്യന്നൂർ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.അഹമ്മദ് നിസാർ, എൻ.സി.ഡി. മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജബ്ബാർ, ഐ.ആർ.പി.സി. കുന്നരു ലോക്കൽ രക്ഷാധികാരിമാരായ കെ .വിജീഷ്, പണ്ണേരി രമേശൻ, ജോയിന്റ് കൺവീനർമാരായ അനീഷ് പണിക്കർ, ഈശ്വരി ബാലകൃഷ്ണൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി സീനിയർ പി.ആർ.ഒ. ജാക്സൺ ഏഴിമല, പാലിയേറ്റീവ് നഴ്സുമാരായ പൊന്നമ്പിളി, സോളി, ഫിസിയോ തെറാപ്പിസ്റ്റ് വൈഷ്ണ, ഡയറ്റീഷ്യൻ പ്രവീണ, ഒപ്റ്റോമെട്രിസ്റ്റ് ശ്രുതി, ഗാർഡിയൻ എയ്ഞ്ചൽസ് പ്രതിനിധി മിഥ്ലാജ് അമാനി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.