gandi
പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം മന്ത്രി രമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: പയ്യന്നൂരിന്റെ ദേശീയ പോരാട്ടസമരങ്ങളുമായി ബന്ധപ്പെട്ട ചരിത്രം പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനായി ചരിത്ര സ്മരണകളുറങ്ങുന്ന പയ്യന്നൂർ പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ ഗാന്ധി സ്മൃതി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പയ്യന്നൂരിന്റെ സ്വാതന്ത്രഗാഥയിലെ അടയാളപ്പെടുത്തലുകൾ നാടിനായി സമർപ്പിച്ചത്. ഗാന്ധിജിയുടെ 150മത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് സർക്കാർ ഗാന്ധി സ്മൃതി മ്യൂസിയം സ്ഥാപിച്ചത്.

ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് 1910 ൽ നിർമ്മിച്ചതും പിന്നീട് പയ്യന്നൂർ പോലീസ് സ്റ്റേഷൻ, സർക്കിൾ ഓഫീസ്, സബ് റജിസ്ട്രാർ ഓഫിസ് എന്നീ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു വന്നിരുന്നതുമായ കെട്ടിടത്തിൽ 2.44 കോടി രൂപ ചെലവിലാണ് ഗാന്ധി സ്മൃതി മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു .രാജ് മോഹൻ ഉണ്ണിത്താൻ എം.പി , നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ എന്നിവർ മുഖ്യാതിഥികളായിരുന്നു

. മുൻ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ സ്വാഗതവും റിസർച്ച് അസിസ്റ്റന്റ കെ.പി.സധു നന്ദിയും പറഞ്ഞു.

കാലം സാക്ഷി,ചരിത്രം സാക്ഷി

വൈദേശിക അധിനിവേശത്തിനും ജന്മി നാടുവാഴിത്തത്തിനും അടിമത്തം, അയിത്തം തുടങ്ങിയ സാമൂഹിക തിന്മകൾക്കുമെതിരെ പോരാടിയവരെ ക്രൂരമായി വേട്ടയാടുന്നതിന് സാക്ഷ്യം വഹിച്ചതും , 110 വർഷം പിന്നിട്ടതുമായ കെട്ടിടത്തിന്റെ ജീർണ്ണതകൾ മാറ്റി അതേപടി നിലനിർത്തി , അത്യാന്താധുനിക ഇലക്ട്രോണിക്സ് ദൃശ്യ ശ്രവണ കാഴ്ചകളൊരുക്കിയാണ് ഗാന്ധി സ്മൃതി മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന എട്ട് ലോക്കപ്പ് മുറികൾ യാതൊരു മാറ്റവും വരുത്താതെ അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.നിരവധി ചരിത്ര സാക്ഷ്യങ്ങൾ കൂടാതെ ഗാന്ധിജിയെ പരിപൂർണ്ണമായി അറിയാനുള്ള ഡിജിറ്റൽ സൗകര്യം, ചലനാത്മകമായി ഒരുക്കിയ കർഷക പോരാട്ട ചരിത്രം , സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പങ്കെടുത്തവരുടെ ഫോട്ടോകളും പേര് വിവരങ്ങളും , താമ്രപത്രങ്ങൾ , പഴയകാല കാർഷിക ഉപകരണങ്ങൾ , പുതുതലമുറക്ക് തീർത്തും അന്യമായ പഴയകാല മൺപാത്രങ്ങൾ , വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ചരിത്രപുരാവസ്തു സാധനങ്ങളാണ് , ചരിത്രാന്വേഷകർക്കും പുതുതലമുറക്കുമായി കണ്ട് പഠിക്കുന്നതിനും കൂടുതൽ അറിവ് നേടുന്നതിനുമായി മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്.