കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ തുരുത്തിനിവാസികൾ നടത്തുന്ന സമരം ആയിരം ദിവസത്തിലേക്ക്. പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമമടക്കം കടുത്ത രീതിയിലുള്ള പ്രതിഷേധം ഇതിനകം രേഖപ്പെടുത്തിയ സമരസമിതി സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സമര സമിതിയുടെ കടുത്ത എതിർപ്പ് മറികടന്ന് കഴിഞ്ഞ ദിവസമാണ് ഇവിടെ സ്ഥലം ഏറ്റെടുക്കലും കെട്ടിട വില നിർണ്ണയവും അധികൃതർ പൂർത്തിയാക്കിയത്.
സ്ഥലം വിട്ട് കൊടുക്കാത്ത എട്ട് വീടുകളുടെ വില നിർണ്ണയം പിന്നീട് നടത്തും. തുരുത്തി പട്ടികജാതി കോളനിയിൽ 25 വീടുകളാണ് ദേശീയപാത വികസനത്തിന്റെ പേരിൽ പൊളിച്ചുനീക്കൽ ഭീഷണിയിലുള്ളത്. ഒപ്പം 400 വർഷം പഴക്കമുള്ള ആരാധനാലയങ്ങളും ഇതിൽ ഉൾപ്പെടും. സമരങ്ങളിലെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുരുത്തിക്കാരുടെ പ്രശ്നത്തിന് ഇതുവരെ പരിഹാരം കിട്ടിയിട്ടില്ല . കഴിഞ്ഞ 2018 ഏപ്രിൽ 27 സമരം ആരംഭിച്ചത് .
നിലവിലുള്ള അലൈൻമെന്റ് പുനപരിശോധിക്കണമെന്ന് സംസ്ഥാന പട്ടികജാതി ഗോത്രവർഗ്ഗ കമ്മിഷന്റെ ഉത്തരവുണ്ട്. 500 മീറ്ററിനിടയിൽ വരുന്ന ഒരു വളവ് നിവർത്താൻ അധികൃതർ തയ്യാറാകാത്തതാണ് സമരവുമായി ഇപ്പോഴും തുരുത്തിക്കാർ മുന്നോട്ട് പോകാനുള്ള കാരണം. വി.ഐ.പി ഇടപെടൽ കാരണം അലൈൻമെന്റ് തുരുത്തിലൂടെ തിരിച്ചുവിടുകയായിരുന്നു വെന്നും സമരസമിതി ആരോപിക്കുന്നു.
പ്രതിഷേധ സംഗമം
സമരം ആയിരം ദിവസത്തിലെത്തി നിൽക്കുമ്പോൾ തുരുത്തി സമര സമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ പരിപാടികൾ ഇന്ന് സംഘടിപ്പിക്കും. വൈകീട്ട് പ്രതിഷേധ സംഗമവും പ്രതിഷേധ ജ്വാലയും സംഘടിപ്പിക്കും.
പലരെയും ഭീഷണിപ്പെടുത്തിയാണ് അധികൃതർ സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ബൈപാസിന്റെ അലൈൻമെന്റ് മാറ്റുന്നതുവരെ സമരം തുടരും.
കെ. നിഷിൽകുമാർ, സമരസമിതി കൺവീനർ