teacher

കാസർകോട്: കരടുപട്ടിക പ്രസിദ്ധീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും ഭാഷാദ്ധ്യാപക സ്ഥാനക്കയറ്റത്തിന്റെ അന്തിമ പട്ടികയിൽ തെറ്റുകളുടെ പെരുമഴയെന്ന് ആക്ഷേപം. ഡി.ഡി.ഇ ഓഫീസ് പുറത്തിറക്കിയ പട്ടികയിൽ ചൂണ്ടിക്കാണിച്ചതും തിരുത്താൻ അപേക്ഷ നൽകുകയും ചെയ്ത തെറ്റ് മുഴുവനും ഫൈനൽ പട്ടികയിൽ ആവർത്തിച്ചിട്ടുണ്ട്. ഏഴുവർഷമായി പ്രമോഷന് കാത്തിരിക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ അവസരം നഷ്ടപ്പെടുത്തുന്ന പട്ടികയാണ് നിലനിൽക്കുന്നതെന്നാണ് അദ്ധ്യാപകർ ആരോപിക്കുന്നത്.

മലയാളം, ഹിന്ദി, സംസ്‌കൃതം പ്രൈമറി അദ്ധ്യാപകർ ബി.എഡ് അടക്കമുള്ള അധിക യോഗ്യത നേടിയാണ് ഹൈസ്‌കൂൾ പ്രമോഷനു വേണ്ടി അപേക്ഷ നൽകിയത്. ഈ പ്രമോഷൻ മുഴുവൻ അട്ടിമറിക്കുന്ന സമീപനമാണ് ഡി.ഡി.ഇ ഓഫീസിലെ ഒരു വിഭാഗം സ്വീകരിക്കുന്നത് എന്നാണ് ആരോപണം. ഉദ്യോഗസ്ഥർ അശ്രദ്ധയോടെ തയാറാക്കി നൽകുന്ന ലിസ്റ്റിൽ ഡി.ഡി.ഇ പരിശോധന നടത്താതെ ഒപ്പിടുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

എല്ലാവർഷവും പ്രൈമറി അദ്ധ്യാപകരുടെ പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കി നിയമനം നൽകേണ്ടതാണ്. എന്നാൽ കാസർകോട്ട് 2013 നു ശേഷം 2020 ജൂലായിലാണ് അപേക്ഷ സ്വീകരിച്ച് കരടുപട്ടിക പ്രസിദ്ധീകരിച്ചത്. തുടർന്ന് അപാകതകൾ ചൂണ്ടിക്കാണിക്കാൻ അദ്ധ്യാപകർക്ക് അവസരവും നൽകി. അതുപ്രകാരം ലിസ്റ്റിലെ അപാകതകൾ വ്യക്തമാക്കി അധ്യാപകർ തിരുത്തി നൽകുകയും ചെയ്തു. എന്നാൽ 2021 ജനുവരിയിൽ പുറത്തുവന്ന പട്ടികയിൽ മുഴുവൻ അപാകതകളും അതേപടി നിലനിൽക്കുകയാണ്. അർഹരായ അദ്ധ്യാപകരുടെ നീണ്ട മുറവിളിക്കു ശേഷമാണ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ ഡി.ഡി. ഇ തയ്യാറായത്. കൊവിഡ്, ഇലക്ഷൻ, മറ്റു തിരക്കുകൾ എന്നിവ പറഞ്ഞ് ലിസ്റ്റിടുന്നത് ഏറെ വൈകിപ്പിച്ചു.


അപാകതകൾ ഇങ്ങനെ

ജനന തീയതിയിൽ മാറ്റം

 സ്‌കൂളുകളുടെ പേരുകൾ മാറിമറിഞ്ഞു

 അപേക്ഷ നൽകാത്തവരുടെ പേരുകളും പട്ടികയിൽ

 പ്രമോഷൻ വേണ്ടാത്തവരും ലിസ്റ്റിൽ

 സീനിയോറിറ്റി റാങ്കുകളിൽ മാറ്റം

ഒരേ റാങ്ക് നേടിയവരെ പലയിടത്തുമായി ആവർത്തിച്ചു

ഡി ഡി ഇ പുറത്തിറക്കിയ ഭാഷാധ്യാപക പ്രമോഷൻ ലിസ്റ്റിൽ വലിയ അപാകതകൾ ഇപ്പോഴും തുടരുകയാണ്. ഡി.ഡി.ഇ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കടുത്ത അലംഭാവമാണ് ഇത് കാണിക്കുന്നത്. ഇത് സർക്കാർ നയത്തിന് വിരുദ്ധമാണ്.

സുനിൽ കുമാർ കരിച്ചേരി (ജില്ലാ സെക്രട്ടറി എ .കെ .എസ് .ടി .യു )