കാഞ്ഞങ്ങാട‌്: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മാസ‌്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ മുൻകൈയിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ‌് പദ്ധതികൾ നടപ്പാക്കുക. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് പി. ബേബി, ആർക്കിടെക്ട‌് ജി. ശങ്കർ എന്നിവർ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

നിലവിലുള്ള ഭൂമിക്കുപുറമേ ജയിൽ വകുപ്പിന്റെ കൈയിലുള്ള ഒന്നര ഏക്കർ ഭൂമികൂടി അക്വയർ ചെയ്യേണ്ടിവരും. സൂപ്പർ സ‌്പെഷ്യാലിറ്റി ബ്ലോക്ക‌് പണിത‌് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കാനാണ‌് ഉദ്ദേശ്യം. കാന്റീൻ, സ‌്റ്റാഫിനും മറ്റുമുള്ള പാർക്കിംഗ് ഏരിയ, കളിസ്ഥലം, കുട്ടികളുടെ കളിസ്ഥലം, കിന്റർ ഗാർഡൻ, എ.ടി.എം കൗണ്ടർ, കംഫർട്ട‌്സ‌്റ്റേഷൻ, ഡോർമിറ്ററി, മുറികൾ എന്നിവയെല്ലാം പുതിയ ബ്ലോക്കിൽ സജ്ജീകരിക്കും.

ആശുപത്രി വിപുലീകരണത്തിന‌് നിരവധി നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്‌. അതൊക്കെ ഉൾപ്പെടുന്നതായിരിക്കും മാസ‌്റ്റർ പ്ലാൻ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനാവാസ് പാദൂർ, നഗരസഭ ചെയർമാൻ കെ.വി സുജാത, വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഡി.എം.ഒ ഡോ. രാംദാസ്, സൂപ്രണ്ട് ഡോ. പ്രകാശ് എന്നിവർ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൈമാറി.