കാഞ്ഞങ്ങാട്: നഗര ഭരണാധികാരികൾ ബഡ്ജറ്റിനു മുന്നോടിയായി സർക്കാരിനു സമർപ്പിച്ച പദ്ധതികൾക്ക‌് അംഗീകാരം. നഗരം വർഷങ്ങളായി അഭിമുഖീകരിക്കുന്ന വെള്ളക്കെട്ടിന‌് ശാശ്വത പരിഹാരമായി ബൃഹത്തായ ഓവുചാൽ സംവിധാനമാണ‌് വരുന്നത‌്. ഒരു കോടി രൂപയാണ‌് ഓവുചാലിനായി ബഡ്ജറ്റിൽ വകയിരുത്തിയത‌്. നഗരഭരണാധികാരികൾ സ്ഥാനമേറ്റെടുത്തതുമായി ബന്ധപ്പെട്ട‌് നടത്തിയ മീറ്റ‌് ദി പ്രസ‌് പരിപാടിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നായി പ്രഖ്യാപിച്ചതാണ‌് ഓവുചാൽ പദ്ധതി.

കലാ-സാംസ‌്കാരിക പരിപാടികൾക്കും വിനോദ﹣-വിജ്ഞാന പരിപാടികൾക്കും തുറന്ന വേദിയില്ലാത്തത‌് പോരായ‌്മയായി പലരും ചൂണ്ടിക്കാട്ടിയതാണ‌്. അഞ്ചു കോടി രൂപ ചെലവിൽ ഓപ്പൺ സ്റ്റേഡിയം നിർമിക്കുന്നതോടെ ഇതിന‌് പരിഹാരമാവുകയാണ‌്. കായിക﹣ കലാസ്വാദകർക്കും പങ്കാളികൾക്കും നവോന്മേഷം പകരുന്നതാണ‌് ബഡ്ജറ്റ‌് പ്രഖ്യാപനം. തൊഴിൽ സംരംഭകർക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിൽ പരിശീലനവും താമസവും നൽകുന്നതിന് അനുവദിച്ച യൂത്ത് ഹോസ‌്റ്റലാണ‌് മറ്റൊരു സ്വപ‌്ന പദ്ധതി. യുവ തൊഴിൽ സംരംഭകർക്ക് താമസത്തോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലനവും നൽകാൻ കഴിയും. മൂന്നു കോടി രൂപയുടേതാണ് പദ്ധതി.

മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദേശത്തെ തുടർന്ന് പുതുക്കൈ വില്ലേജിലെ ഗുരുവനത്ത് 55 സെന്റ‌് സ്ഥലം അളന്ന് തിട്ടപ്പെടുത്തി മാറ്റിവെച്ചിട്ടുണ്ട‌്. കഴിഞ്ഞ ബഡ്ജറ്റിൽ ടോക്കൺ തുക അനുവദിച്ച പദ്ധതിയാണിത‌്. ക്യാമ്പുകളും മറ്റും സംഘടിപ്പിക്കാൻ അനുയോജ്യമായ സ്ഥലമില്ലാത്ത ബുദ്ധിമുട്ടിനാണ‌് ഇതോടെ പരിഹാമാകുന്നത‌്.

ബഡ്ജറ്റിൽ കാഞ്ഞങ്ങാടിനെ നല്ല നിലയിൽ പരിഗണിച്ച സംസ്ഥാന സർക്കാരിനെയും ധനമന്ത്രി തോമസ‌് ഐസക്കിനെയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. എല്ലാ പദ്ധതികളും സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാനുള്ള എല്ലാ സഹായവും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകും. നഗരത്തിലെ ജനങ്ങൾക്ക‌് പുതുവത്സര സമ്മാനമാണ‌് ബഡ്ജറ്റ‌് നിർദേശങ്ങൾ.

കെ.വി സുജാത, നഗരസഭാ ചെയർമാൻ