birds
കാട്ടാമ്പള്ളി തണ്ണീർത്തട മേഖലയിൽ പക്ഷിനിരീക്ഷണത്തിൽ ഏർപ്പെട്ടവർ

കണ്ണൂർ: ഏഷ്യൻ വാട്ടർ ഫൗൾ സെൻസസിന്റെ ഭാഗമായി ഉത്തര കേരളത്തിലെ ഏറ്റവും വലിയ തണ്ണീർത്തട മേഖലയായ കാട്ടാമ്പള്ളിയിൽ മലബാർ അവയർനെസ്സ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫിന്റെ നേതൃത്വത്തിൽ പക്ഷി സർവ്വേ നടത്തി. കാട്ടാമ്പള്ളിയുടെ ഭാഗമായ മുണ്ടേരിക്കടവ്, വാരംകടവ്, പുല്ലൂപ്പിക്കടവ്, വള്ളുവൻകടവ്, കുന്നംകൈ, കക്കാട് പുഴ, കരിക്കൻക്കണ്ടിച്ചിറ എന്നീ മേഖലകളിലാണ് 40 ഓളം പക്ഷി നിരീക്ഷകർ സർവ്വേ നടത്തിയത്.

കാട്ടാമ്പള്ളി തണ്ണീർത്തടത്തിൽ 106 വിവിധ പക്ഷി വർഗത്തെയാണ് കണ്ടെത്തിയത്. അതിൽ കൂടുതലായും ദേശാടന പക്ഷികളായ നോർത്തേൺ പിൻ ടെയിൽ, ഗാർഗെനി, ബ്ലാക്ക് ടെയിൽഡ് ഗോഡ് വിറ്റ്, ദേശികമായ ചൂളൻ ഇരണ്ട, ചെറിയ നീർകാക്ക എന്നീ വിഭാഗങ്ങളിലുള്ളവയെയാണ് കൂടുതലായി കണ്ടെത്തിയത്.

കണ്ണൂർ ജില്ലയിൽ ആദ്യമായി വൈറ്റ് ടെയിൽഡ് ലാപ് വിങ്ങിനെയും കണ്ടെത്താൻ സാധിച്ചു. കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന ഈ പക്ഷി ഇറാഖ്, ഇറാൻ, റഷ്യ എന്നിവടങ്ങളിലാണ് കൂടുതലുള്ളത്. പക്ഷി നിരീക്ഷകനായ സജീവ് കൃഷ്ണനാണ് പക്ഷിയെ കരിക്കൻക്കണ്ടിച്ചിറയിൽ കണ്ടെത്തിയത്. കണ്ണൂരിൽ 425 ഓളം വിവിധയിനം പക്ഷികളെ കണ്ടെത്താൻ സാധിച്ചതായി സർവ്വേയിൽ പങ്കെടുത്തവർ പറഞ്ഞു.