airport

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ സർവീസ് ഉടൻ തുടങ്ങും. കാർഗോ സർവീസിനുള്ള ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റിയുടെ റഗുലേറ്റഡ് ഏജൻസി അംഗീകാരം ഈയിടെ കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചിരുന്നു.

കാർഗോ സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കിയാൽ എം.ഡി. വി.തുളസീദാസിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. കണ്ണൂരിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനി പ്രതിനിധികളും കയറ്റുമതി രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. ചരക്കുനീക്കം തുടങ്ങുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിക്കും. യാത്രാ വിമാനങ്ങൾക്കൊപ്പം ചരക്കുകൾ മാത്രം കയറ്റുന്ന വിമാനങ്ങളും വരും ദിവസങ്ങളിൽ കണ്ണൂരിലെത്തും.

കാർഗോ സെന്റർ റെഡി

കാർഗോ കോംപ്ലക്സിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മാസങ്ങൾക്കു മുമ്പു തന്നെ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. കാർഗോ സർവീസ് നടത്തുന്നതിനുള്ള ഏജൻസിയെയും ടെൻഡർ നടപടിയിലൂടെ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് വിഭാഗം ഇവിടേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടെ കാർഗോ സർവീസ് തുടങ്ങാൻ കഴിയും. 1200 സ്ക്വയർ മീറ്റർ വിസ്തീർണവും 12000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുമുള്ള കാർഗോ സെന്ററാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര ചരക്കുകൾ ഇവിടെത്തന്നെ കൈകാര്യം ചെയ്യും.

എയർ കാർഗോ ഹബ്

അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാർഗോ സെന്റർ ആഭ്യന്തര ചരക്കുകൾക്ക് മാത്രം ഉപയോഗിക്കും. പഴം, പച്ചക്കറി, പൂക്കൾ, മരുന്ന്, മത്സ്യ-മാംസാദികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ടാകും. വിമാനത്താവളത്തിന് സമീപത്തായി സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക കൂടി ചെയ്താൽ എയർ കാർഗോ ഹബ് എന്ന നിലയിൽ കണ്ണൂർ വിമാനത്താവളം മാറുമെന്നാണ് വിലയിരുത്തൽ. കയറ്റുമതി സാധ്യതകൾ മുന്നിൽക്കണ്ട് ഒരുക്കുന്ന കിൻഫ്ര വ്യവസായ പാർക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്.