മാഹി: മയ്യഴിപ്പുഴ സംരക്ഷിക്കാൻ പുഴയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള തീരദേശ വാസികളുടെ കൂട്ടായ്മ രംഗത്ത്. മലിനീകരണം, കൈയേറ്റങ്ങൾ, മണൽവാരൽ, അനധികൃതനിർമ്മാണങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ പുഴയുടെ അകാല മരണത്തിന് തന്നെ കാരണമായിരിക്കുകയാണ്. 15 ഗ്രാമ പഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റികളും താണ്ടി ഒഴുകുന്ന മയ്യഴിപ്പുഴ, ജനകീയമായി സംരക്ഷിക്കേണ്ടതിന്റെയും സമഗ്ര ഏകോപനത്തിൽ ജനജാഗ്രത ഉയർത്തേണ്ടതിന്റെയും പശ്ചാത്തലത്തിൽ അതാത് പ്രദേശങ്ങളിലെ പ്രതിനിധികൾ കൂടിയാലോചന നടത്തി ഒരു താൽക്കാലിക സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചു.
യോഗം പരിസ്ഥിതി പ്രവർത്തകൻ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ഫാദർ ജെറോം ചിങ്ങന്തറ മുഖ്യ പ്രഭാഷണം നടത്തി. ഫെബ്രുവരി 14 ന് മാഹിയിൽ ജനകീയ മയ്യഴിപ്പുഴ കൺവെൻഷൻ സംഘടിപ്പിക്കും. വിജയൻ കൈനടത്ത് അദ്ധ്യക്ഷത വഹിച്ചു. ദേവദാസ് മത്തത്ത്, ഷൗക്കത്ത് അലി എരോത്ത് എന്നിവർ വിഷയം അവതരിപ്പിച്ചു. അഡ്‌ഹോക് സമിതി ഭാരവാഹികൾ വിജയൻ കൈനടത്ത് മാഹി (ചെയർമാൻ), ഷൗക്കത്ത് അലി എരോത്ത് നാദാപുരം (വർക്കിംഗ് ചെയർമാൻ), സി.കെ. രാജലക്ഷ്മി മാഹി (സെക്രട്ടറി), ദേവദാസ് മത്തത്ത് കരിയാട് (ട്രഷറർ).