കാഞ്ഞങ്ങാട്: അമ്പലത്തറ നായിക്കുട്ടിപ്പാറയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതിൽഏഴുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നായിക്കുട്ടിപ്പാറയിലെ എം.മുനീർ (36), ഷെമീർ(35) എന്നിവർക്കാണ് ഗുരുതര പരിക്ക്
അറസ്റ്റിലായ നായികുട്ടിപ്പാറയിലെ സാദിഖ് (19), സഹോദരൻ ജാക്കി എന്ന നാസർ(18), ഹമീദ്, മകൻ അൽത്താഫ്, റഹീസ്, സഹോദരൻ റിയാസ്, ഫാസിൽ എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഇവരെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഏഴുപേരെ അറസ്റ്റു ചെയ്തത്. സംഭവത്തിൽ എതിർഭാഗത്തെ സാദിഖിനും(19) പരിക്കേറ്റിരുന്നു. സാദിഖിന്റെ പരാതിയിൽ നിഷാദ്, ഷമീർ, മുനീർ, ഇബ്രാഹിം, രാജു എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
നായിക്കുട്ടിപ്പാറയിലെ ഒരു നിർധനകുടുംബത്തിന് ഭക്ഷണസാധനവുമായി എത്തിയ ഒരു യുവാവിനെ ചൊല്ലിയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. അക്രമവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ സംഘർഷത്തിൽ പൊലീസ് പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു സംഘമാളുകൾ രാത്രി അമ്പലത്തറ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു. വിവരമറിഞ്ഞ് പുല്ലൂർപെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദനടക്കമുള്ളവർ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതിനു ശേഷമാണ് ആളുകൾ പിരിഞ്ഞുപോയത്.