പയ്യന്നൂർ: നഗരസഭ പ്രഥമ കൗൺസിൽ യോഗത്തിൽ സംസ്ഥാന സർക്കാറിന് അഭിനന്ദനം. നഗരസഭയിൽ സ്വാമി ആനന്ദ തീർത്ഥ കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് , കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ പത്ത് കോടി രൂപ അനുവദിച്ചതിനാണ് കൗൺസിൽ യോഗം അഭിനന്ദനം അറിയിച്ചത്. ഇത് സംബന്ധിച്ച് മരാമത്ത് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥനാണ് പ്രമേയം അവതരിപ്പിച്ചത്. ഇക്ബാൽ പോപ്പുലർ പിന്താങ്ങി.
പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച കോൺഗ്രസിലെ കെ.കെ.ഫൽഗുണൻ, കൺവെൻഷൻ സെന്റർ നിർമ്മാണത്തിന് പണം അനുവദിച്ച സർക്കാർ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും, കലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, പദ്ധതി പൂർത്തീകരണത്തിൽ ആശങ്കകൾ നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി. വി. ബാലൻ, മണിയറ ചന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരമ്പരാഗത തെരുവ് വിളക്കുകൾക്ക് പകരമായി എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാറിന്റെ ' നിലാവ് ' പദ്ധതിക്ക് ഉടൻ നടപടികൾ സ്വീകരിക്കുവാനും
പാതയോരങ്ങളിൽ പൊതു ശൗചാലയം നിർമ്മിക്കുന്ന പ്രവൃത്തിക്ക് റീ ടെണ്ടർ ക്ഷണിക്കുവാനും തീരുമാനിച്ചു.
സി. കൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും , മൂത്തത്തി, മോലോത്തുംചാൽ, കൊട്ടണച്ചേരി അറ റോഡ്, കാറമേൽ മുലോട് ക്ഷേത്രത്തിന് സമീപം, പാലത്തര ജംഗ്ഷൻ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.