നീലേശ്വരം: രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ സപ്ലിമെന്ററി അജണ്ടയിൽ പ്രത്യേകം ചർച്ച നടന്നു. ചർച്ചയിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ മറുപടി പറഞ്ഞു. രാജാ റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് അവരുടെ സ്ഥലത്ത് കെട്ടിടം പണിയാൻ നഗരസഭക്ക് ഇളവ് നൽകാൻ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 2019ലെ മുൻസിപ്പൽ ചട്ടപ്രകാരം ഇതിനായി ഒരു സ്പെഷ്യൽ കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. ഈ കമ്മിറ്റിയാണ് ഇതിന് നിർദ്ദേശം നൽകേണ്ടത്.

വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാനും വർക്കിംഗ് ഗ്രൂപ്പുകൾ 20, 21 തീയ്യതി കളിൽ വിളിച്ച് ചേർക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. 24 മുതൽ 28 വരെ തീയ്യതികളിൽ ഗ്രാമസഭകൾ വിളിച്ച് ചേർക്കാനും തീരുമാനിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. ഗൗരി, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി. ഭാർഗ്ഗവി, കെ.വി. ശശികുമാർ ,വി. വിനു, ഷംസുദ്ദീൻ അരിഞ്ചിറ, റഫീക്ക് കോട്ടപ്പുറം എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ചെയർപേഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.