കാസർകോട്: കാസർകോട് നഗരസഭയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെട്ടതിന് കാരണം മുസ്ലിംലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാരോപിച്ച് ലീഗ് കൗൺസിലർമാരായ മമ്മുചാലയും അസ്മ മുഹമ്മദും സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് മുസ്ലിംലീഗ് മുനിസിപ്പൽ കമ്മിറ്റിക്ക് കൈമാറി.
നഗരസഭയിലെ 12ാം വാർഡ് അംഗമാണ് മമ്മുചാല. അസ്മ മുഹമ്മദ് 13ാം വാർഡ് അംഗമാണ്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മമ്മുചാലയ്ക്ക് മൂന്നും ബി.ജെ.പിയിലെ കെ. രജനിക്ക് മൂന്നും വോട്ടുകളാണ് ലഭിച്ചത്. തുടർന്നുള്ള നറുക്കെടുപ്പിൽ രജനിക്ക് ചെയർപേഴ്സൺ സ്ഥാനം ലഭിച്ചു.. 1995-2000 കാലയളവിന് ശേഷം ആദ്യമായാണ് ബി.ജെ.പിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം ലഭിക്കുന്നത്.
കാസർകോട് നഗരസഭയിൽ ബി.ജെ.പിക്ക് കൂടുതൽ സ്വാധീനം കൈവരാൻ അവസരമുണ്ടാക്കിയത് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത കുറവാണെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു. സി.പി.എം കൗൺസിലറുടെയും വിമത കൗൺസിലർമാരുടെയും പിന്തുണ നേടിയെടുക്കാൻ ലീഗ് നേതൃത്വം ശ്രമിച്ചില്ലെന്നാണ് രാജിക്കത്ത് നൽകിയ കൗൺസിലർമാരുടെ ആരോപണം.