തളിപ്പറമ്പ്: പുതിയ നഗരസഭാ കൗൺസിലിന്റെ പ്രഥമയോഗത്തിൽ കത്തിനിന്നത് തെരുവ് വിളക്കുകൾ സംബന്ധിച്ച പരാതികൾ. കക്ഷിഭേദമില്ലാതെ എല്ലാ കൗൺസിലർമാരും തെരുവ് വിളക്കിന്റെ കാര്യത്തിൽ കൈകോർത്തു. നിലവിലുള്ള സോഡിയം വേപ്പർലാമ്പുകളും ട്യൂബ് ലൈറ്റുകളും മാറ്റി എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിക്കുന്നത് സംബന്ധിച്ച അജണ്ടയുടെ ഭാഗമായി നടന്ന ചർച്ചയിലാണ് തങ്ങളുടെ വാർഡുകളിൽ വഴിവിളക്കുകൾ കത്താത്തതിന്റെ പ്രശ്നങ്ങൾ എല്ലാ കൗൺസിലർമാരും എടുത്തിട്ടത്.
എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നത് കിഫ്ബിയുടെ സഹായത്തോടെയാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചെയർപേഴ്സൻ മുർഷിദ കൊങ്ങായി കൗൺസിലിനെ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പ് എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. നിലാവ് എന്നപേരിലുള്ള ഈ പദ്ധതി ഏറ്റവും ലാഭകരമാണെന്നും ബൾബുകൾക്ക് ഏഴ് വർഷത്തോളം വാറണ്ടിയും പ്രവൃത്തി തുക നൽകാൻ ഏഴ് വർഷത്തെ സമയവും ലഭിക്കുമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ കൗൺസിൽ യോഗത്തെ അറിയിച്ചു.
ഇത് സംബന്ധിച്ച് നടന്ന ചർച്ചയാണ് ഒന്നരമണിക്കൂറോളം കൗൺസിൽ യോഗത്തിൽ നടന്നത്. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, പി.സി. നസീർ, ഒ. സുഭാഗ്യം, കെ. വത്സരാജൻ, പി.പി. മുഹമ്മദ് നിസാർ, ഡി. വനജ, സി.വി. ഗിരീശൻ, കെ.എം. ലത്തീഫ്, ഇ. കുഞ്ഞിരാമൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
പതിവിൽ നിന്ന് വ്യത്യസ്തമായി കൗൺസിൽ യോഗത്തിലെ ചർച്ചകളിൽ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചത് പുതുമയായി. 18 അജണ്ടകളാണ് കൗൺസിൽ ആകെ പരിഗണിച്ചത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫയലുകൾ പഠിക്കുകയും കാര്യങ്ങൾ കൂടുതൽ മനസിലാക്കുകയും ചെയ്യുന്നത് ഉറപ്പുവരുത്തുകയാണ് കൗൺസിലിന്റെ ഉദ്ദേശം.
മുർഷിദ കൊങ്ങായി, നഗരസഭ അദ്ധ്യക്ഷ
ടൗൺ സ്ക്വയറിൽ പുതിയ ആഴ്ചച്ചന്ത
നഗരസഭാ പരാധിയിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പുതിയ ആഴ്ച്ചച്ചന്ത എല്ലാ ബുധനാഴ്ചകളിലും ടൗൺ സ്‌ക്വയറിൽ നടത്താനും കൗൺസിൽ തീരുമാനിച്ചു. നിർമ്മാണ പ്രവൃത്തികൾക്ക് ഒരു കോടി രൂപയുടെ ബിറ്റുമിൻ വാങ്ങുന്നതിനും കൗൺസിൽ അനുമതി നൽകി. ബിറ്റുമിന്റെ ലഭ്യത ഉറപ്പിച്ചതിന് ശേഷം മാത്രമേ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ പാടുള്ളൂവെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.