fishing

കണ്ണൂർ: കണ്ണൂർ,​ കാസർകോട് ജില്ലകളിൽ നിരോധിച്ച ലൈറ്റ് ഫിഷിംഗ് ബോട്ടുകൾ വ്യാപകമാകുന്നു. കഴിഞ്ഞദിവസം കുമ്പള കടപ്പുറത്തിന് 18 കിലോമീറ്റർ പടിഞ്ഞാറ് കടലിൽനിന്ന് രണ്ട് കർണാടക ബോട്ടുകൾ പിടികൂടിയിരുന്നു. മംഗളൂരു സ്വദേശികളായ പ്രദീപ് കുമാറിന്റ ഉടമസ്ഥതയിലുള്ള 'ബീമ' ബോട്ടും നമ്യത പൈയുടെ ഉടമസ്ഥതയിലുള്ള 'ശ്രീ മഹാമായ ' ബോട്ടുമാണ് പിടിയിലായത്. പട്രോളിംഗ് സംഘത്തെ കണ്ട മീൻപിടിത്ത ബോട്ടിലെ ജീവനക്കാർ വല മുറിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും പിന്തുടർന്നു പിടികൂടുകയായിരുന്നു.

തീരദേശം നിരാശയിൽ

മത്സ്യമില്ലാതെ തീരദേശം വല്ലാതെ നിരാശയിലാണ്. കടലിൽ പോയവർ പലപ്പോഴും വെറും കൈയോടെയാണ് മടങ്ങുന്നത്. അതിനിടെയാണ് നിരോധിച്ച ലൈറ്റ് ഫിഷിംഗ് ബോട്ടുകളുടെ കടന്നുകയറ്റവും. എല്ലാംകൂടി പൊറുതിമുട്ടിയ നിലയിലാണ് മത്സ്യത്തൊഴിലാളികൾ. ചെറിയൊരു ബോട്ടിന് കടലിൽ പോയി വരാൻ 300 ലിറ്റർ ഡീസൽ വേണം. രണ്ട് ടൺ ഐസ്, തൊഴിലാളികളുടെ ഭക്ഷണം, കൂലി എന്നിങ്ങനെ പോകുന്നു ചെലവുകൾ.

ഇതര സംസ്ഥാനക്കാരായ തൊഴിലാളികളായതിനാൽ കടലിൽ പോയില്ലെങ്കിലും ചെലവിന് കൊടുത്ത് സംരക്ഷിക്കേണ്ട ബാദ്ധ്യതയും ഉടമകൾക്കാണ്. ബോട്ട് വിൽക്കാൻ നിർബന്ധിതരായവർ ഉണ്ടെങ്കിലും പ്രതീക്ഷിച്ച വില പോലും ഈ പശ്ചാത്തലത്തിൽ കിട്ടില്ല.

കടപ്പുറത്ത് നിന്ന് പിടിക്കുന്ന മീനിൽ 30 ശതമാനമേ ഭക്ഷണത്തിന് ഉപയോഗിക്കുന്നുള്ളൂ. ബാക്കിയെല്ലാം വളത്തിനായി കയറ്റിപ്പോകുന്നു. ഇതിനായി മുൻകാല പ്രാബല്യത്തോടെ ജി.എസ്.ടി നടപ്പാക്കിയിരുന്നു.

 വല പോലെ പിന്നി ജീവിതം

സാധാരണ 40 ബോട്ടുകൾ വരെ ഉച്ചനേരത്ത് നിർത്തിയിടുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണിത്തീർക്കാൻ പറ്റാത്ത വിധമാണ് പാർക്ക് ചെയ്തിരിക്കുന്നത്. ചിലർ ഒരു ദിവസം 700 ബോക്സുകൾ വരെ കയറ്റി അയയ്ക്കുന്ന പതിവ് ഉണ്ടായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നേരത്തെ മത്സ്യ വേസ്റ്റുകൾ ബോക്സിന് 700രൂപ നിരക്കിലാണ് വിറ്റു പോയിരുന്നത്. എന്നാലിതിനും ആളില്ലാതായി. സാധാരണ മംഗളൂരു, ഉഡുപ്പി, മൽപേ ഭാഗത്തേക്കൊക്കെ ഇവിടെ നിന്ന് മീൻ പോകാറുണ്ടായിരുന്നു.