flower
മടിക്കൈ കണ്ണൻകുളത്തുപാറയിൽ വിരിഞ്ഞു നിൽക്കുന്ന കായാമ്പൂചെടികൾ

തൃക്കരിപ്പൂർ: കായാമ്പു പുതച്ച് നീലവർണത്തിൽ വിസ്മയം തീർക്കുകയാണ് മടിക്കൈ പഞ്ചായത്തിലെ ജി.എൽ.പി.സ്‌കൂൾ ചെർണത്തലയ്ക്കു സമീപത്തെ കണ്ണൻകുളത്ത് പാറ. വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഔഷധഗുണമേറിയ അതിമനോഹരമായ ചെടി പ്രത്യേക പരിപാലനമൊന്നുമില്ലാതെയാണ് പൂത്തുലഞ്ഞുനിൽക്കുന്നത്.

കാശാവ് എന്ന് ഗ്രാമ്യഭാഷയിൽ അറിയപ്പെടുന്ന കായാമ്പൂ അഞ്ജനമരം, കനലി തുടങ്ങിയ പേരിലും അറിയപ്പെടുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ മാത്രം ഉയരമുള്ള നിത്യഹരിത, അർദ്ധ നിത്യഹരിത പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ ഔഷധസസ്യം വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുന്നതാണ്. ഇലകൾ ചെറു മധുര മുള്ളതും ഏറെ ഊർജ്ജദായകവുമാണെന്ന് പാരമ്പര്യ വൈദ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു.
കുറ്റിച്ചെടികളായി കാണപ്പെടുന്ന കാശാവിന്റെ കൊമ്പുകൾ ചെണ്ടക്കോൽ, കത്തിയുടെ പിടി, കാളപൂട്ട് വടി തുടങ്ങിയവ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ചെടിയുടെ വേര്, കായ, ഇല എന്നിവ വിവിധ ആയുർവ്വേദ ഔഷധങ്ങളുടെ ചേരുവകളാണ്. പശ്ചിമഘട്ട മലനിരകളിൽ നിരവധി അവാന്തരവിഭാഗങ്ങളായി വളർന്നു നിൽക്കാറുള്ള 'മെമി സിലോൺ' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി, മലമ്പ്രദേശങ്ങളിലെ ചെങ്കൽ ഖനനമടക്കമുള്ള പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ കാരണം അപൂർവ്വമായി വരികയാണ്.


ആദിവാസി വിഭാഗങ്ങൾ ഈ ചെടിയുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞ് ചികിത്സിക്കാറുണ്ട്. ചർമ്മ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിച്ചു വരുന്നു-

പാരമ്പര്യ വൈദ്യൻ കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ