കാസർകോട്: കേരളത്തിന്റെ ഗതാഗത വികസനത്തിൽ നാഴികക്കല്ലായി മാറുന്ന കോവളം - ബേക്കൽ ജലപാത പദ്ധതിയുടെ ഡിസൈൻ രണ്ടുമാസത്തിനകം ലഭിക്കുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ. അതേസമയം പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കുന്നതിന് ഇനിയും കടമ്പകളുണ്ട്. ഡിസൈൻ ലഭ്യമായി കഴിഞ്ഞാൽ ഡി.പി.ആർ തയ്യാറാക്കുന്ന ജോലിയിലേക്ക് കടക്കും. പ്രാഥമിക ജോലികൾ പകുതിയോളം അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ കടന്നുവരികയായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലയിൽ നീലേശ്വരം കോട്ടപ്പുറം വരെയുള്ള ജലപാതയിൽ ബോട്ടു സർവ്വീസ് നടത്തുന്നുണ്ട്. കോട്ടപ്പുറത്ത് നിന്ന് ബേക്കൽ പദ്ധതിയുടെ സമീപപ്രദേശമായ ചിത്താരി പുഴ വരെ ജലപാത ഒരുക്കുന്നതാണ് പ്രധാന വെല്ലുവിളി. നീലേശ്വരം പുഴ വഴി നമ്പ്യാർക്കൽ അണക്കെട്ട് വരെ എത്തിച്ച് അവിടെ നിന്ന് പുതിയ കനാൽ നിർമ്മിച്ച് അജാനൂർ, മഡിയൻ, കൂളിയങ്കാൽ വഴി ചിത്താരിപുഴയിലേക്ക് പാത എത്തണം.
കടമ്പയായി ചെറുപാലങ്ങൾ
കൊച്ചി സിയാലിന്റെ കീഴിലുള്ള 'ക്വിൻ' എന്ന പേരിലുള്ള ടീമും ഉൾനാടൻ ജലഗതാഗത വകുപ്പും സംയുക്തമായാണ് സർവ്വേ നടത്തി അലൈൻമെന്റ് സംബന്ധിച്ച അന്തിമപട്ടിക തയ്യാറാക്കിയത്. അരയി പുഴ മുതൽ വടക്കോട്ടുള്ള പാതയിൽ ഒട്ടേറെ തടസങ്ങൾ നീക്കാനുണ്ട്. ചെറിയ പാലങ്ങളാണ് പ്രധാന തടസങ്ങൾ. ഇവയുടെ ഇൻവെസ്റ്റിഗേഷനും ബോറിംഗും കഴിഞ്ഞിട്ടുണ്ട്. പുതിയ പാലങ്ങളും ജലപാതയും കനാലും നിർമ്മിക്കുന്നതിനുള്ള ഡിസൈനിംഗ് നടന്നുവരികയാണ് . കോട്ടപ്പുറം മുതൽ കൂളിയങ്കാൽ വരെ 11.5 കിലോമീറ്റർ പാതയാണ് പുതുതായി രൂപപ്പെടുത്തേണ്ടത്. മാട്ടുമ്മൽ കടിഞ്ഞിമൂല പാലം , നമ്പ്യാർക്കൽ അണക്കെട്ടിൽ പ്രത്യേക റഗുലേറ്റർ, അരയി കോട്ടക്കുന്നിൽ കൂടുതൽ ഉയരമുള്ള തൂക്കുപാലം എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. പുതിയ തൂക്കുപാലം ഇൻലൻഡ് നാവിഗേഷൻ അധികൃതർ നിർമ്മിച്ചുനൽകും.
കനാലും പണിയണം
ചിത്താരി പുഴയിലേക്ക് പാത യോജിപ്പിക്കാൻ ആറര കിലോമീറ്റർ പുതിയ കനാൽ നിർമ്മിക്കേണ്ടിവരും. എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ മാത്രമേ എത്രതുക പദ്ധതിക്ക് വേണ്ടിവരുമെന്ന് പറയാൻ കഴിയൂ. നമ്പ്യാർക്കൽ അണക്കെട്ടിൽ തന്നെ 30 കോടിയുടെ ചിലവാണു പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന പാലങ്ങളുടെ നിർമ്മാണത്തിനും 20 കോടിയോളം ചിലവ് വരും. മാഹിയിൽ നിന്ന് വളപട്ടണം പുഴയുമായി പാതയെ ബന്ധിപ്പിക്കുന്നതിന് പുതിയ കനാൽ പണിയും. വളപട്ടണത്ത് നിന്ന് സുൽത്താൻ കനാൽ വഴി കവ്വായി കായലിൽ ചേർന്ന് പയ്യന്നൂർ കൊറ്റിയിൽ ജലപാത എത്തും.
ഡിസൈൻ കിട്ടിക്കഴിഞ്ഞാൽ കൺസ്ട്രക്ഷൻ സ്റ്റേജിലേക്ക് കടക്കും. നിർമ്മാണ പ്രവർത്തനത്തിന് വേണ്ടിവരുന്ന സ്വാഭാവിക കാലയളവ് പദ്ധതി പൂർത്തിയാകുന്നതിന് എടുക്കും. സർക്കാർ തലത്തിൽ എടുക്കുന്ന നയപരമായ തീരുമാനം അനുസരിച്ചാകും പദ്ധതിയുടെ പൂർത്തീകരണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ സ്ഥലങ്ങളിൽ ജലപാത നിലവിലുള്ളത് പദ്ധതിക്ക് ഗുണകരമാണ്.
എ. അനൂപ്
(അസി. എക്സിക്യൂട്ടീവ് എൻജിനിയർ, ഉൾനാടൻ ജലഗതാഗത വകുപ്പ് , കാസർകോട്)