അഴീക്കോട്:അഴീക്കോട് മണ്ഡലത്തിൽ മുസ്ലീം ലീഗ് കോൺഗ്രസ് തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് യു.ഡി.എഫ് മണ്ഡലം കൺവീനർ ബിജു ഉമ്മർ രാജിവെച്ചു. തിങ്കളാഴ്ച നടന്ന യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗത്തിലാണ് ജില്ല ചെയർമാന് ബിജു ഉമ്മർ രാജികത്ത് നൽകിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വളപട്ടണത്ത് ലീഗും കോൺഗ്രസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. തുടർന്നാണ് രണ്ടുകക്ഷികളും സ്വതന്ത്രരായി മത്സരിച്ചത്. തുടക്കത്തിൽ സൗഹൃദ മത്സരമെന്ന് പറഞ്ഞെങ്കിലും പിന്നീട് കോൺഗ്രസിനെ പാടെ ഇല്ലാതാക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.13 വാർഡുകൾ ഉള്ള വളപട്ടണത്ത് ഒരു വാർഡിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ സാധിച്ചത്. വളപട്ടണത്ത് ഏറ്റ കനത്ത പരാജയത്തെ തുടർന്ന് കോൺഗ്രസ് ലീഗ് ബന്ധം താറുമാറായിരിക്കുകയായിരുന്നു. തുടർന്നാണ് ഈ സാഹചര്യത്തിൽ നിയോജക മണ്ഡലം കൺവീനറായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ബിജു ഉമ്മർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതിന് ശേഷം രാജി പ്രഖ്യാപിച്ചത്. യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനങ്ങളാണ് ബിജു ഉമ്മർ ലീഗിനെതിരെ ഉന്നയിച്ചത്.