pots

നീലേശ്വരം: വർഷത്തിൽ നാലു മാസം പണിയെടുത്ത് ആറു മാസത്തേക്ക് കഷ്ടിച്ച് ജീവിക്കാൻ വക കണ്ടെത്തുന്ന മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. ഇന്നും പാരമ്പര്യവഴിയിൽ സഞ്ചരിക്കുന്ന മടിക്കൈ എരിക്കുളത്തെ മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ ജീവിതം കൊവിഡ് അയഞ്ഞിട്ടും ദുരിതവഴിയിൽ തന്നെ തുടരുകയാണ്. എരിക്കുളത്തെ ഭൂരിഭാഗം കുടുംബങ്ങളും മൺപാത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കണ്ണൂർ -കാസർകോട് ജില്ലയിൽ ഇന്ന് എരിക്കുളത്ത് മാത്രമാണ് പാരമ്പര്യത്തനിമയോടെ മൺപാത്ര നിർമ്മാണം നടക്കുന്നത്.

എല്ലാ വർഷവും എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് മുൻവശത്തെ വയലിൽ നിന്ന് വിഷു ദിവസമാണ് മൺപാത്ര നിർമ്മാണത്തിന് വേണ്ടിയുള്ള മണ്ണെടുക്കാറ്. അങ്ങിനെ എടുക്കുന്ന മണ്ണ് ഒരു വർഷത്തേക്ക് വേണ്ടുന്ന കലം നിർമ്മാണത്തിന് സൂക്ഷിച്ചു വയ്ക്കും. കഴിഞ്ഞ വർഷം ഉണ്ടാക്കി വെച്ച മൺപാത്രങ്ങൾ തന്നെ ഇപ്പോൾ വീട്ടിലുണ്ട്. വിഷുവിന് വേണ്ടുന്ന വിഷുക്കലങ്ങളും വിറ്റഴിക്കാനായില്ല. സ്ത്രീകൾ തലച്ചുമടായാണ് കലങ്ങൾ വില്ക്കാൻ പോകുന്നത്. ഒൻപതുമാസമായി ഇത്തരത്തിൽ കലങ്ങളുമായി തങ്ങൾ പുറത്തിറങ്ങിയിട്ടെന്ന് ഇവർ പറയുന്നു.

പോറിയും പൊടിഞ്ഞും ഇവിടെ ജീവിതം

കലം നിർമ്മാണത്തിലേർപ്പെട്ട 160 കുടുംബങ്ങളാണ് എരിക്കുളത്ത് താമസിക്കുന്നത്. ഇവരിൽ സജീവമായി നൂറു കുടുംബങ്ങളാണുള്ളത്. കടുത്ത പ്രതിസന്ധി നേരിട്ടവരിൽ പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. അതീവശ്രദ്ധയും നിഷ്ഠയിലുമാണ് ഇന്നും ഇവിടെ കലം നിർമ്മിക്കുന്നത്. മികച്ച ഗുണനിലവാരമുള്ളവയാണ് എരിക്കുളം കലങ്ങൾ. എന്നാൽ രൂപം മെനഞ്ഞ് ചൂളയിൽ വേവിക്കുന്നതിനിടയിൽ ശ്രദ്ധ തെല്ലിട തെറ്റിയാൽ അദ്ധ്വാനമെല്ലാം പാഴാകുമെന്ന അവസ്ഥയും ഇവർ നേരിടുന്നു. ഇത്രയും കഷ്ടപ്പാട് സഹിച്ച് തയ്യാറാക്കിയ കലങ്ങളാണ് ഇവർക്ക് വില്ക്കാൻ കഴിയാത്തത്.

കഴിഞ്ഞ ഒമ്പത് മാസമായി ഉണ്ടാക്കിവെച്ച മൺകലം വില്പന നടത്താൻ പറ്റാതെ കഴിയുകയാണ് . ഇതു പോലുള്ള ഒരവസ്ഥ ഇതുവരെ കണ്ടിട്ടില്ല. മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ ജീവിതം മുന്നോട്ടുനീങ്ങണമെങ്കിൽ സർക്കാർ കനിയണം

-നാരായണൻ (മൺപാത്ര നിർമ്മാണ തൊഴിലാളി)