പരിയാരം: യുവതിയെ പട്ടാപ്പകൽ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ കേസെടുക്കാൻ വൈകിയതിൽ പൊലീസിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പരാതി നൽകിയിട്ട് പൊലീസ് എത്തിയത് വൈകീട്ട് അഞ്ചിനായിരുന്നു. ഏമ്പേറ്റ് മുടിക്കാനം റോഡിലായിരുന്നു സംഭവം.
കണ്ണൂരിലേക്ക് ബസ് കയറാനായി ഏമ്പേറ്റിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതൻ തടഞ്ഞ് വച്ച് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവതി ഫോണിൽ പിതാവിനെ വിളിച്ചുവരുത്തി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിട്ടും അന്വേഷിക്കാൻ വന്നത് ആറര മണിക്കൂർ കഴിഞ്ഞാണെന്ന് പിതാവ് പറയുന്നു.
സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിങ്ങൾ തന്നെ നോക്കി അതിന്റെ വീഡിയോ സ്‌റ്റേഷനിലെത്തിക്കണമെന്നും പൊലീസ് പറഞ്ഞതായി പിതാവ് പറയുന്നു. പൊലീസിന്റെ അനാസ്ഥക്കെതിരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തിയതോടെ പൊലീസ് രാത്രി പന്ത്രണ്ട് മണിയോടെ വീണ്ടും പരാതിക്കാരിയുടെ വീട്ടിലെത്തി. അതേസമയം പൊതുജനമദ്ധ്യത്തിൽ വച്ച് രണ്ട് കോൺസ്റ്റബിൾമാർ ചേർന്ന് യുവതിയെ പരസ്യമായി വിചാരണ ചെയ്തതും പ്രതിഷേധത്തിനിടയാക്കി.
നാട്ടുകാരുടെയും സി.പി.എം പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് സംഭവത്തിൽ പൊലീസ് ഇന്നലെ രാവിലെ കേസെടുത്തിട്ടുണ്ട്. വിദേശത്ത് പോകാൻ തയ്യാറായി നിൽക്കുന്ന യുവതി ഇന്നലെ വീണ്ടും വിശദമായ പരാതി പൊലീസിന് നൽകി. സി.പി.എം ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഇടപെട്ട സംഭവത്തിൽ പൊലീസിന്റെ വീഴ്ചക്കെതിരെ ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നുമറിയുന്നു.