കണ്ണൂർ: കൊവിഡ് പ്രതിസന്ധിയിൽ നടുവൊടി‌ഞ്ഞ വ്യാപാരികൾക്ക് ലൈസൻസ് ഫീസിന്റെ പിഴ അടച്ച തുക റീഫണ്ട് ചെയ്ത് നൽകാതെ അധികൃതർ. മാർച്ചിലായിരുന്നു കഴിഞ്ഞ വർഷത്തെ ലൈസൻസ് ഫീ അടക്കേണ്ട സമയം. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് പലർക്കും അടക്കാൻ സാധിച്ചില്ല. പിന്നീട് മേയ് 31 വരെ പിഴയില്ലാതെ അടക്കാമെന്ന് സർക്കാർ ഉത്തരവ് വന്നു. അപ്പോഴും വളരെ കുറച്ച് പേർക്ക് മാത്രമാണ് അടക്കാനുള്ള സാഹചര്യമുണ്ടായത്.

അതിന് ശേഷം ജൂൺ മാസത്തിൽ മൂന്നിരട്ടി പിഴയോടെയാണ് വ്യാപാരികൾ ലൈസൻസ് പുതുക്കിയത്. എന്നാൽ സർക്കാർ വീണ്ടും നവംബർ 30 വരെ പിഴയില്ലാതെ അടക്കാനുള്ള ഉത്തരവിറക്കി. ഉത്തരവ് വരുന്നതിന് മുമ്പ് മൂന്നിരട്ടി പിഴയോട് കൂടി നിരവധി വ്യാപാരികളാണ് ലൈസൻസ് പുതുക്കിയത്. പിഴ ഈടാക്കിയ തുക റീഫണ്ട് ചെയ്യാനായി അതാത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ അപേക്ഷയുമായി എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. കോർപ്പറേഷനിൽ ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർക്കും റീഫണ്ട് ചെയ്യുന്നതിനെ പറ്റി അറിവില്ല. ലൈസൻസ് ഫീയുടെ അഞ്ചും ആറും ഇരട്ടി രൂപയാണ് വ്യാപാരികൾ പിഴ ഇനത്തിൽ അടച്ചത്. നിലവിൽ അടച്ച തുക അടുത്ത വർഷങ്ങളിലേതായി കണക്കാക്കാമെന്നും അല്ലെങ്കിൽ വിഷയം സംബന്ധിച്ച് കത്ത് എഴുതി നൽകാനുമാണ് കോർപ്പറേഷനിൽ നിന്നും ലഭിച്ച രണ്ട് നിർദേശം. എന്നാൽ ഇത് വ്യാപരികൾക്ക് സ്വീകാര്യമാകാത്തതാണ്.

പരാതി നൽകിയിട്ടും പരിഹാരമില്ല

വ്യാപാരികളുടെ പരാതിയന്മേൽ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ അധികൃതർ പിഴ അടച്ചവരുടെ തുക തിരികെ നൽകാനുള്ള തീരുമാനം കൈകൊള്ളണമെന്ന് സർക്കാരിനെ അറിയിച്ചെങ്കിലും ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. പിഴയില്ലാതെ അടക്കാനുള്ള തീയതി നീട്ടി നൽകിയെങ്കിലും പിഴ അടച്ചവർക്ക് അത് തിരിച്ച് നൽകാനുള്ള യാതൊരു നിർദേശവും സർക്കാർ നൽകിയിട്ടില്ലെന്നും കോർപ്പറേഷനിൽ നിന്നും വ്യക്തമാക്കുന്നു.

നിലവിൽ നിരവധി വ്യാപാരികൾ വലിയ തുക പിഴ ഇനത്തിൽ നൽകിയിട്ടുണ്ട്. ഇതുവരെ തിരിച്ച് ലഭിച്ചിട്ടില്ല. വളരെ കുറച്ച് പേർ മാത്രമാണ് അടക്കാതെയുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.

മുഹമ്മദ് ഷാജിദ്, ജനറൽ സെക്രട്ടറി, കണ്ണൂർ ജില്ലാ മർച്ചന്റ് ചേമ്പർ