university

തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ

കണ്ണൂർ: സർവകലാശാല ആസ്ഥാനം മാങ്ങാട്ടുപറമ്പിൽ നിന്നും താവക്കരയിലേക്ക് മാറ്റുന്നതിനായി നടന്ന ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക്‌ കോടികളുടെ ബാധ്യത ഉണ്ടാക്കിയ അന്നത്തെ ഭരണസമിതിയുടെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലൻസിനെ സമീപിക്കാൻ സർവ്വകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം.

പ്രൊ വൈസ് ചാൻസലറായി പ്രൊഫ. സാബു അബ്ദുൾഹമീദിനെ നിയമിക്കാനും യോഗം തീരുമാനിച്ചു. നിലവിൽ ഐ.ക്യു.എ.സി ഡയറക്ടറും മൈക്രോബയോളജി വിഭാഗം പ്രൊഫസറുമാണ്.

വിവിധ കാമ്പസുകളുടെ അടിസ്ഥാന വികസനത്തിനായി രണ്ടുകോടി 28 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. ഗവേഷക വിദ്യാർത്ഥികൾക്ക്‌ ലോക്ക്‌ഡൗൺ കാലത്തും സ്‌കോളർഷിപ്പുകൾ അനുവദിക്കും.

പാലയാട് കാമ്പസിൽ ഇംഗ്ലീഷിൽ വിൻസന്റ് വി. നെറ്റോ, ഐ.ടി വിഭാഗത്തിൽ എൻ.എസ് ശ്രീകാന്ത് എന്നിവരെ അസോസിയേറ്റ് പ്രൊഫസർമാരായി നിയമിച്ചു. കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ ഡോ. സി. മഞ്ജുള (ബോട്ടണി), ഡോ. കെ.വി മുരളി (ഫിസിക്‌സ്) എന്നിവർക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചു. സെൽഫ് ഫിനാൻസിംഗ് കോളേജിലെ അധ്യാപകരുടെ സർവീസ് കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന് സെൽഫ് ഫിനാൻസിംഗ് മോണിറ്ററിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കാൻസർ ചികിത്സയ്ക്ക് സഹായകമായേക്കാവുന്ന കണ്ടുപിടിത്തത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌ പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ലഭിച്ച ഗവേഷണത്തിന്‌ നേതൃത്വം നൽകിയ ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം പ്രൊഫ. സാബു അബ്ദുൾഹമീദിനെയും ഗവേഷകസംഘത്തെയും സിൻഡിക്കറ്റ് അനുമോദിച്ചു.

സർവകലാശാല സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന് ഐ.ടി ഡയറക്ടർ, സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ എന്നിവരെ ചുമതലപ്പെടുത്തി. സർവകലാശാല നിയമനങ്ങളിൽ പത്ത് ശതമാനം റിസർവേഷൻ മുന്നോക്കക്കാരിൽ പിന്നോക്കക്കാരായവർക്ക് നിയമനാനുസൃതമായി നൽകും.

ഇതുവരെ ഒരു കോളേജിലും പ്രവേശനം കിട്ടാത്ത കുട്ടികൾക്ക് ഒഴിവുകളുള്ള കോളേജുകളിൽ പ്രവേശനം നൽകാൻ ശുപാർശ ചെയ്തു. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.