തലശ്ശേരി: അണ്ടല്ലൂർ ക്ഷേത്രത്തിലെ ഉത്സവം ഭാഗിക ചടങ്ങുകളോടെ നടത്താനുള്ള ട്രസ്റ്റി ബോർഡിന്റെയും ക്ഷേത്ര കമ്മിറ്റിയുടെയും തീരുമാനം പ്രതിഷേധാർഹമെന്ന് സംഘപരിവാർ സംഘടനകൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 13 മുതൽ 20 വരെയാണ് ഉത്സവം. കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സംഘടനകളും പൊലീസും ഉൾപ്പടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ കൂട്ടമായി ആലോചിച്ച് തീരുമാനിക്കുന്നതിന് പകരം ട്രസ്റ്റി ബോർഡും ഉത്സവാഘോഷ കമ്മിറ്റിയും ഏകപക്ഷികമായി ആചാരങ്ങൾ വെട്ടിക്കുറക്കുകയാണ് ചെയ്തത്.
തീരുമാനം കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ സി.പി.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ദൈവത്താറുടെ തിരുമുടി വെച്ച് ഉത്സവം നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ആളുകളെ നിയന്ത്രിക്കുന്നതിനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുവാനും എല്ലാ രാഷ്ട്രീയ പാർട്ടികളും അറിയിച്ചിട്ടും, ഈ തീരുമാനം സ്വീകരിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രതിനിധികൾ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു.
ഇക്കാര്യത്തിൽ 22ന് നാമജപയാത്രയും, വീടുകളിൽ കയറി ഒപ്പുശേഖരണവും നടത്തും. 25 ന് ക്ഷേത്രത്തിൽ ജ്യോത്സ്യർ വരുന്ന ദിവസം ഇരുകവാടങ്ങളിലും ഭജനയിരിക്കുമെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. മണിവർണ്ണൻ, അജയകുമാർ മീനോത്ത്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.വി.ശ്യാം മോഹൻ, ബി.ജെ.പി ധർമ്മടം മണ്ഡലം ജനറൽ സെക്രട്ടറി എ. ജിനചന്ദ്രൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സി. സജേഷ് എന്നിവർ പറഞ്ഞു.