കാഞ്ഞങ്ങാട്: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അലാമിപ്പള്ളി ബസ് ടെർമിനൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികൾ വീണ്ടും ലേലത്തിന്. നാളെ ചേരുന്ന ആദ്യ കൗൺസിൽ യോഗത്തിൽ ലേല നടപടി സംബന്ധിച്ച് അജണ്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റാന്റ് ഉദ്ഘാടനത്തോടൊപ്പം തന്നെ കടമുറികൾ ലേലത്തിന് വെക്കാൻ അന്നത്തെ ഭരണ സമിതി നടപടി എടുത്തുവെങ്കിലും ഇതിനെതിരെ മുസ്ലീംലീഗ് കൗൺസിലർമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ നിന്ന് നഗരസഭയ്ക്ക് അനുകൂലമായി വിധി വരാൻ ഒരു വർഷമെടുത്തു. അതിനു ശേഷം ലേല നടപടികൾ ആരംഭിച്ചുവെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഇതിനിടയിൽ കൊവിഡ് ലോക്ഡൗൺ വരുന്നതിന് മുമ്പ് ഒരു തവണ കൂടി ലേല നടപടികൾ തുടങ്ങിയെങ്കിലും വിജയിച്ചില്ല.പിന്നീട്‌നടപടികളൊന്നും ഉണ്ടായില്ല. പുതിയ ഭരണസമിതി വന്നതോടെയാണ് വീണ്ടും ലേല നടപടികളിലേക്ക് നീങ്ങിയത്.