k-m-shaji

കണ്ണൂർ: സിറ്റിംഗ് സീറ്റായ അഴീക്കോടിനു പകരം മറ്റേതെങ്കിലും സീറ്റിൽ മത്സരിക്കാനാണ് കെ. എം. ഷാജിക്ക് താല്പര്യം. ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മൂന്നാംവട്ടം അഴീക്കോട് അത്ര സുരക്ഷിതമല്ലെന്നാണ് സൂചന. ഇ.ഡിയുടെയും വിജിലൻസിന്റെയും അന്വേഷണങ്ങൾ തിരിഞ്ഞുകൊത്തുമോ എന്ന ആശങ്കയാണ് ഒരു കാരണം. കോൺഗ്രസും ലീഗും തമ്മിൽ മണ്ഡലത്തിലുള്ള പടലപ്പിണക്കമാണ് മറ്റൊരു കാരണം.

കോഴിക്കോടോ കാസർകോടോ ആയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ഷാജി.

കോൺഗ്രസും ലീഗും തമ്മിലുള്ള ശീതസമരം രൂക്ഷമായ സാഹചര്യത്തിൽ കാലുവാരിയേക്കുമെന്ന ആശങ്ക ലീഗിൽ ശക്തമാണ്. ജില്ലാ ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുന്നയിച്ച ഡി.സി.സി ജന. സെക്രട്ടറി ബിജു ഉമ്മർ അഴീക്കോട് മണ്ഡലം യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചത് മറ്റൊരു തലവേദനയാണ്.

തദ്ദേശതിരഞ്ഞെടുപ്പിൽ വളപട്ടണം പഞ്ചായത്തിൽ ലീഗും കോൺഗ്രസും എതിരാളികളായി മത്സരിക്കുകയായിരുന്നു. സൗഹൃദ മത്സരമെന്നായിരുന്നു അവകാശവാദം.

വളപട്ടണത്തെ പ്രശ്നം അഴീക്കോട് നിയോജക മണ്ഡലത്തെയാകെ ബാധിച്ചിട്ടുണ്ടെന്നും അഴീക്കോട് സീറ്റിൽ ലീഗ് മത്സരിച്ചാൽ ജയിക്കില്ലെന്നും ബിജു ഉമ്മർ തുറന്നടിക്കുകയും ചെയ്തു.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്നും ഇത്തവണ അതിന് തിരിച്ചടി നൽകിയതാണെന്നും അഴീക്കോട് യു.ഡി.എഫ് ചെയർമാനും ലീഗ് നേതാവുമായ കെ.വി ഹാരിസ് തിരിച്ചടിച്ചു.

ഈ സാഹചര്യത്തിൽ അഴീക്കോടിന് പകരം കണ്ണൂർ സീറ്റ് ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം.

കെ.എം. ഷാജി മത്സരിക്കുകയാണെങ്കിൽ കണ്ണൂർ സീറ്റ് ഒരു തവണ വിട്ടു കൊടുക്കാൻ കോൺഗ്രസ് തയാറായേക്കുമെന്ന് ലീഗ് പ്രതീക്ഷിക്കുന്നു.