കണ്ണൂർ: മത്സ്യത്തൊഴിലാളികളെടുത്ത വായ്പകളിന്മേൽ കടാശ്വാസം അനുവദിക്കാൻ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകി. മാടായി സർവ്വീസ് സഹകരണ ബാങ്ക്, പട്ടുവം സർവ്വീസ് സഹകരണ ബാങ്ക്, കണ്ണൂർ ടൗൺ സർവ്വീസ് സഹകരണ ബാങ്ക്, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള 2,56,202 രൂപ വായ്പാതുകയ്ക്കാണ് കടാശ്വാസമനുവദിക്കാൻ ശുപാർശ.
മാടായി സർവ്വീസ് സഹകരണ ബാങ്ക് നൽകിയ മറ്റൊരു വായ്പയിലെ അപേക്ഷക യഥാർത്ഥ മത്സ്യത്തൊഴിലാളിയാണെന്ന് ബോധ്യപ്പെടാത്തതിനാൽ കടാശ്വാസം നിഷേധിക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കാൻ അപേക്ഷകയ്ക്ക് ഒരവസരം കൂടി നൽകാൻ കമ്മിഷൻ നിർദ്ദേശിച്ചു. അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പക്ക് അനുവദിച്ച കടാശ്വാസം ലഭിച്ചില്ലെന്ന പരാതിയിലും മറ്റൊരു വായ്പ ഓഡിറ്റ് ചെയ്യാത്തതും സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്കും ജോയിന്റ് ഡയറക്ടർക്കും കമ്മിഷൻ നിർദ്ദേശം നൽകി.
കണ്ണൂർ, കാസർകോട് ജില്ലകളിലെ അപേക്ഷകളിൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു സിറ്റിംഗ്. 13 അപേക്ഷകളിലായി 4,00,656 രൂപ കടാശ്വാസമായി അനുവദിക്കാൻ കമ്മിഷൻ ശുപാർശ ചെയ്തു. മത്സ്യത്തൊഴിലാളികളായ 50 ഗുണഭോക്താക്കൾക്ക് 18,34,941 രൂപ കടാശ്വാസം അനുവദിക്കുന്നതിനുള്ള അർഹതാപട്ടിക സർക്കാരിനു സമർപ്പിക്കാൻ കമ്മിഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ചെയർമാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം ടി.ജെ ആഞ്ചലോസ് പങ്കെടുത്തു.