adm
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച പട്ടിക വർഗ ദമ്പതിമാർക്ക് കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ എ.ഡി.എം ഇ.പി മേഴ്സിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ്.

കണ്ണൂർ: റിപ്പബ്ലിക് ദിന പരിപാടികളിൽ നേരിട്ട് പങ്കെടുക്കുന്നതിന് ഡൽഹിയിലേക്ക് പോകുന്ന ഇരിട്ടി വള്ള്യാട് കോട്ടക്കുന്ന് കോളനിയിലെ പണിയ വിഭാഗത്തിൽപ്പെട്ട കെ.കെ. അജിത്തിനും ഭാര്യ രമ്യ രവിക്കും ഹൃദ്യമായ യാത്രയയപ്പ്. പട്ടിക വർഗ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിന്നാദ്യമായാണ് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി ഇത്തരമൊരു സൗകര്യമൊരുക്കുന്നത്. ഐ.ടി.ഡി.പി ഓഫീസിൽ നടന്ന ചടങ്ങിൽ എ.ഡി.എം ഇ.പി മേഴ്‌സി ഇവർക്ക് യാത്രയയപ്പ് നൽകി.
പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ദമ്പതിമാരിൽ നിന്നും ഐ.ടി.ഡി.പി വകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോൾ അജിത്തും ഭാര്യയും ആദ്യം തന്നെ മുന്നോട്ടുവരികയായിരുന്നു. റിപ്പബ്ലിക് ദിന പരിപാടി നേരിട്ട് കാണുവാനും രാജ്യത്ത് നടക്കുന്ന ഏറ്റവും വിപുലമായ ആഘോഷത്തിന്റെ ഭാഗമാകാനും സാധിച്ചത് വലിയ ഭാഗ്യമാണെന്ന് അജിത്ത് പറയുന്നു.

ഇന്ന് ഇവർ ഡൽഹിയിലേക്ക് പുറപ്പെടും. രാഷ്ട്രപതിയോടൊത്ത് വിരുന്നിലും പ്രധാന മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കുവാനുള്ള അവസരം ഇവർക്ക് ലഭിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദർശിച്ച് ഫെബ്രുവരി രണ്ടിന് ഇവർ നാട്ടിലേക്ക് യാത്ര തിരിക്കും.
യാത്രയയപ്പ് പരിപാടിയിൽ പ്രൊജക്ട് ഓഫീസർ വി.ശശീന്ദ്രൻ, അസി. പ്രൊജക്ട് ഓഫീസർ വി. മഹ്‌റൂഫ് എന്നിവർ സംബന്ധിച്ചു.