കണ്ണൂർ: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം 23 മുതൽ 30വരെ റബ്‌കോ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൻകിട പ്രസാധകർ ഉൾപ്പെടെ നൂറിലേറെ പ്രസാധകർ പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായിരിക്കും ഇത്. പുസ്തകോത്സവ നഗരയിൽ എല്ലാ ദിവസവും വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.
ഉദ്ഘാടന ചടങ്ങിൽ പി.പി. ദിവ്യ അദ്ധ്യക്ഷതവഹിക്കും. കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ മുഖ്യാതിഥിയാകും. ഗ്രന്ഥലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ പ്രഭാഷണം നടത്തും.
അന്നേ ദിവസം വൈകിട്ട് സുകുമാർ അഴീക്കോട് അനുസ്മരണം അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡോ.എ. വത്സലൻ രചിച്ച തലശ്ശേരി കലാപം നേരും നുണയും എം. മുകുന്ദൻ പ്രകാശനം ചെയ്യും. 24ന് വൈകിട്ട് പുസ്തക പ്രകാശനം, അവാർഡ് ഡേ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
25ന് രാവിലെ 11ന് യുവജന പ്രതിനിധികളുടെയും ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജനപ്രതിനിധികളുടെയും സംഗമം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് അക്കിത്തം, സുഗതകുമാരി അനുസ്മരണം വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് മൂന്നിന് ഓൺലൈൻ എഴുത്ത് സംവാദം ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. 27ന് കഥാ സായാഹ്‌നത്തിൽ യു.എ. ഖാദർ അനുസ്മരണം നടക്കും. വി.എസ്. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് മൂന്നിന് നടക്കുന്ന കവി സമ്മേളനത്തിൽ നിലേമ്പരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ അനുസ്മരണം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ട് മൂന്നിന് നോവൽ നാടകം ബാലസാഹിത്യം സംവാദം. 30ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ. വിജയൻ, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, എം.കെ. രമേഷ് കുമാർ എന്നിവരും സംബന്ധിച്ചു.