ldf

കാസർകോട്: യു.ഡി.എഫ് ഭരിക്കുന്ന ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കെ. കുഞ്ഞിരാമൻ എം.എൽ.എക്കെതിരെ പ്രമേയം അവതരിപ്പിച്ചത് വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. പ്രമേയത്തിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.

ചെമ്മനാട് പഞ്ചായത്തിലെ കളനാട് തായത്ത് ബ്രദേഴ്സ് ക്ലബ്ബ് നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് എം.എൽ.എക്കെതിരായ പ്രമേയത്തിന് കാരണം. ഈ ബസ് വെയിറ്റിംഗ് ഷെഡിന് കല്ലൂരാവിയിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ പേരടങ്ങിയ ബോർഡാണ് സ്ഥാപിച്ചത്. ഈ കേന്ദ്രം പൊളിച്ചുനീക്കാൻ കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു. തുടർന്ന് നടന്ന സർവകക്ഷിയോഗം ബസ് കാത്തിരിപ്പുകേന്ദ്രം തത്കാലം പൊളിക്കേണ്ടതില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ മതിയെന്നും തീരുമാനമെടുത്തു.

ഇതിനിടെ ഇന്നലെ ചേർന്ന ഭരണസമിതിയോഗത്തിലാണ് സ്ഥിരംസമിതി അദ്ധ്യക്ഷനായ ഷംസുദ്ദീൻ തെക്കിൽ ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്ത കെ കുഞ്ഞിരാമൻ എം.എൽ.എയുടെ നടപടിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫ് ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പ്രമേയം പിൻവലിക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങളായ കെ. കൃഷ്ണൻ, ഇ. മനോജ്കുമാർ, ടി. ജാനകി, രേണുക ഭാസ്‌കരൻ, വീണാറാണി, മൈമൂന അബ്ദുൽ റഹ്‌മാൻ എന്നിവർ ആവശ്യപ്പെട്ടു. തുടർന്ന് ഭരണസമിതിയംഗങ്ങളുമായി കടുത്ത വാഗ്വാദവുമുണ്ടായി. പ്രമേയം ഭരണസമിതി അംഗീകരിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.