കാസർകോട്: ഞായറാഴ്ച വർക്കലയിൽ മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിലുണ്ടായ തീപിടുത്തത്തിന് കാരണം പാർസലായി ബോഗിയിൽ സൂക്ഷിച്ച ബൈക്കിലെ ടാങ്കിൽ പെട്രോൾ ഉണ്ടായിരുന്നത് മൂലമാണെന്ന കണ്ടെത്തലിന് പിറകെ ട്രെയിനുകളിൽ പരിശോധന കർശനമാക്കി.
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ നടത്തിയ പരിശോധനയിൽ പാലക്കാട്ടുനിന്ന് ട്രെയിനിൽ അയച്ച ഒരു ബൈക്കിൽ പെട്രോൾ ഉള്ളതായി കണ്ടെത്തി. എന്നാൽ ഇതിന്റെ താക്കോൽ ഇല്ലാത്തതിനാൽ പെട്രോളിന്റെ അളവ് വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഈ ബൈക്ക് അധികൃതർ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിനും നടപടികൾക്കുമായി പരിശോധകസംഘം റിപ്പോർട്ടു നൽകി.
ബൈക്കിന്റെ ഉടമ താക്കോൽ ഹാജരാക്കിയ ശേഷം ബൈക്കിലെ പെട്രോളിന്റെ അളവ് കണക്കാക്കും. ഇതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. റെയിൽവേയുടെ വിവിധ സ്‌ക്വാഡുകൾ സംയുക്തമായാണ് ട്രെയിനുകളിൽ പരിശോധന നടത്തുന്നത്. ബൈക്കുകൾ ട്രെയിൻ മാർഗം പാർസലായി എത്തിക്കുമ്പോൾ പെട്രോൾ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ.