തൃക്കരിപ്പൂർ: അധികൃതരുടെ അനാസ്ഥ മൂലം തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ അനുവദിച്ച ഓഡിയോമെട്രി സംവിധാനം നഷ്ടപ്പെടാൻ സാധ്യത. ആറു മാസം മുമ്പാണ് ഓഡിയോമെട്രി സംവിധാനം ഒരുക്കുന്നതിനായി തൃക്കരിപ്പൂർ താലൂക്കാശുപത്രിക്ക് 5 ലക്ഷം രൂപ അനുവദിച്ചത്.
നവജാത ശിശുക്കളുടെ കേൾവി വൈകല്യം നേരത്തേ കണ്ടെത്താനും കേൾവി പരിശോധിക്കാനും പറ്റുന്ന സംവിധാനമാണ് ഓഡിയോ മെട്രി റൂം. പരിശോധനയ്ക്കായി ഇവിടേയ്ക്ക് ഓഡിയോളജിസ്റ്റിനേയും നിയമിച്ചിരുന്നു. എന്നാൽ സൗകര്യമേർപ്പെടുത്താത്തതു മൂലം ഓഡിയോളജിസ്റ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. തൃക്കരിപ്പൂർ താലൂക്കാശുപത്രിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ സ്വാധീനം ചെലുത്തുമെന്ന് കരുതിയ ഒരു പദ്ധതിയാണ് അധികൃതർ പുലർത്തുന്ന നിസ്സംഗതയിൽ നഷ്ടമാവുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മാത്രമാണ് ഓഡിയോമെട്രി റൂം സൗകര്യം ഉള്ളത്.
പദവി താലൂക്കാശുപത്രി, സൗകര്യം പരിമിതം
താലൂക്കാശുപത്രിയെന്ന പദവി അലങ്കരിക്കുമ്പോഴും ഗൈനക്കോളജി പോലുള്ള തസ്തിക നികത്താൻ വർഷങ്ങളായി കഴിയാത്ത അവസ്ഥയാണിവിടെ. ആരോഗ്യരംഗത്ത് അനുദിനം വിപ്ളവകരമായ മുന്നേറ്റങ്ങൾ വാർത്തകളിൽ നിറയുമ്പോഴും തങ്ങളുടെ പ്രദേശത്തെ താലൂക്കാശുപത്രിയുടെ പിറകോട്ടുപോക്ക് നിരാശയോടെ നോക്കിക്കാണേണ്ട അവസ്ഥയാണ് തൃക്കരിപ്പൂരിലേയും പരിസര പ്രദേശത്തെയും ജനങ്ങൾക്ക്. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.
നവജാത ശിശുക്കളുടെ കേൾവി വൈകല്യം നേരത്തേ കണ്ടെത്താനും കേൾവി പരിശോധിക്കാനും പറ്റുന്ന സംവിധാനമാണ് ഓഡിയോ മെട്രി റൂം