ambulance

കണ്ണൂർ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും വാഹനങ്ങളിൽ സൺകൂളർ ഫിലിമും കർട്ടനും ഒഴിവാക്കാനുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും രംഗത്തിറങ്ങിയത് ആംബുലൻസിൽ രോഗികളുടെ സ്വകാര്യത ഇല്ലാതാക്കുമെന്ന് ആരോപണമുയരുന്നു.

നിർഭയ കേസിനെ തുടർന്നാണ് സുപ്രീംകോടതി നിയമം കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളെ നിയമപരിധിയിൽ വരുത്തിയതാണ് വിഷമം സൃഷ്ടിക്കുന്നത്. ആംബുലൻസുകളിൽ ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കർട്ടനും സൺകൂളർ ഫിലിമും നീക്കിയാൽ രോഗികളുടെ സ്വകാര്യത നഷ്ടമാകുന്ന സാഹചര്യങ്ങൾ നിരവധിയാണ്. സമൂഹമാധ്യമങ്ങൾ സജീവമായ ഈ കാലത്ത് ഇത് ഭയാനകമാകുമെന്നാണ് വിലയിരുത്തൽ.

അത്യാസന്ന നിലയിൽ രോഗികളെ കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ ഇ.സി.ജി റീഡിംഗ് അറിയാനുള്ള മെഷീൻ ഘടിപ്പിക്കേണ്ട സാഹചര്യം ധാരാളമായി ഉണ്ടാകാറുണ്ട്. മാറിടം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിലാണ് ഇതിന്റെ അനുബന്ധ ഭാഗങ്ങൾ ഘടിപ്പിക്കുക. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകളായ രോഗികളുടെ നഗ്നത ഭാഗീകമായെങ്കിലും വഴിയോരത്തും സ്വകാര്യ വ്യക്തികളുടെയും സി.സി.ടി.വികളിലും പതിയും.

ഗർഭിണികൾ ആംബുലൻസിലും മറ്റ് വാഹനങ്ങളിലും പ്രസവിച്ച നൂറുകണക്കിന് സംഭവങ്ങളുണ്ട്. ഇത്തരം സന്ദർഭങ്ങൾ പൊതുസമൂഹം കാണും. തീ പൊള്ളലേറ്റ രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ ശരീരത്തിൽ കോട്ടൺ തുണി ഉപയോഗിക്കാമെങ്കിലും പ്രയോഗികമല്ല. പലപ്പോഴും ഇത്തരം ആളുകളെ ഭാഗികമായോ പൂർണമായോ നഗ്നതയോടെയാണ് ആശുപത്രിയിൽ എത്തിക്കാറുള്ളത്.

ദീർഘയാത്രയിൽ രോഗിക്ക് മല, മൂത്ര വിസർജനം ചെയ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയില്ല. ആംബുലൻസിനുള്ളിൽ വച്ചുതന്നെയാണ് ഇത് നിർവ്വഹിക്കാറുള്ളത്. ഇതുപോലെതന്നെ കുഞ്ഞുങ്ങളെ ദീർഘയാത്രയിൽ മുലയൂട്ടന്നതും ഒഴിവാക്കാൻ കഴിയില്ല. മാനസിക അസ്വാസ്ഥ്യം ഉള്ള രോഗികളെ കൊണ്ടുപോകുന്ന സാഹചര്യം അതിലും ദയനീയമാണ്. അക്രമസ്വഭാവമുള്ള രോഗികൾ വസ്ത്രങ്ങൾ പറിച്ചെറിയുന്നതിനും പൊതുസമൂഹം സാക്ഷ്യം വഹിക്കേണ്ടി വരും. ആംബുലൻസ് ഇത്തരം രോഗികളെ കൊണ്ടുപോകുമ്പോഴും ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴും ചുറ്റും ഓടിക്കൂടുന്നവർ പകർത്തുന്ന ചിത്രങ്ങൾ അടുത്ത ബന്ധുക്കൾ കാണുമ്പോഴുണ്ടാകുന്ന മാനഹാനി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. നിയമത്തിൽ മാറ്റം വരുത്തിയോ ഇളവു നൽകിയോ ഇത്തരം സന്ദർഭങ്ങളെ മറികടക്കാനുള്ള നടപടി വേണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.