election

മട്ടന്നൂർ: ഏഴു സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ 49,214വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തുകളിൽ എത്തും. ഇതിൽ 23,308 പേർ പുരുഷ വോട്ടറും 25,906 സ്ത്രീ വോട്ടറുമാണ്.

ആറ് പഞ്ചായത്തുകളിലായി 42 വാർഡുകളാണ് ഡിവിഷനിൽ ഉള്ളത്. 64 ബൂത്തുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് . 350 തോളം പോളിംഗ് ജീവനക്കാരെയും നിയമിച്ചു. പോളിംഗ് സാമഗ്രികൾ ഇരിട്ടി ബ്ലോക്ക് ഓഫീസിൽ നിന്നും വിതരണം ചെയ്തു. ഇന്നു രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ് സമയം. കൊവിഡ് രോഗികൾ വൈകിട്ട് അഞ്ചുമണിക്കും ആറുമണിക്കും ഇടയിൽ റിപ്പോർട്ട് ചെയ്യണം. ആറുമണിക്ക് പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് കൊവിഡ് രോഗികൾക്ക് വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കും.

ഇലക്ടോണിക്‌സ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ വെള്ളിയാഴ്ച്ച ബ്ലോക്ക് ഓഫീസിൽ വെച്ചും പോസ്റ്റൽ വോട്ടുകളും കൊവിഡ് പോസ്റ്റൽ വോട്ടുകളും കളക്ട്രേറ്റിൽ നിന്നുമാണ് എണ്ണുക. ഉച്ചയോടെ ഫലം അറിയാൻ കഴിയുമെന്നാണ് കരുതുന്നത്.

കള്ളവോട്ട് തടയണം: ഹൈക്കോടതി

കൊച്ചി: തില്ലങ്കേരി ഡിവിഷനിൽ ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ കള്ളവോട്ടും ആൾമാറാട്ടവും ബൂത്തു പിടിത്തവും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും ഹൈക്കോടതി നിർദ്ദേശം നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി ലിൻഡ ജയിംസിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് റോജസ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ഹർജി ജനുവരി 28 നു വീണ്ടും പരിഗണിക്കും. ഡിവിഷനിലെ 64 ബൂത്തുകളും പ്രശ്നസാദ്ധ്യതാ ബൂത്തുകളാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകണമെന്നാണ് നിർദ്ദേശം.

തിരഞ്ഞെടുപ്പിനെത്തുടർന്ന് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വെബ് കാസ്റ്റിംഗ് അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ കഴിയില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചു. ഒാപ്പൺവോട്ട് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ വോട്ടറുടെ അടുത്ത ബന്ധുവിനെ നിയോഗിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ച സിംഗിൾബെഞ്ച് കേരള പഞ്ചായത്തിരാജ് ചട്ടപ്രകാരം വോട്ടിംഗ് അനുവദിക്കാനും നിർദ്ദേശിച്ചു.