car

കണ്ണൂർ:സംസ്ഥാന വ്യാപകമായുള്ള ഒാപ്പറേഷൻ സ്ക്രീനിന്റെ ഭാഗമായി വാഹനങ്ങളിൽ ഒട്ടിക്കുന്ന കൂംളിഗ് പരിശോധന കണ്ണൂർ, കാസർകോട് ജില്ലകളിൽ കർക്കശമായി തുടരുന്നു. കണ്ണൂരിൽ ഇതുവരെ 339 വാഹനങ്ങൾക്ക് പിഴ ചുമത്തി. കൂളിംഗ് പേപ്പറുകൾ അടർത്തി മാറ്റിയാണ് പിഴ ഈടാക്കുന്നത്. പരിശോധന കർശനമാക്കിയതോടെ വാഹനങ്ങളിലെ കൂളിംഗ് നീക്കം ചെയ്യുന്നതിനായി സ്റ്റിക്കർ ഷോപ്പുകളിൽ തിരക്കാണ്. വലിയ തുക മുടക്കി കൂളിംഗ് ഒട്ടിച്ചവർ പണം മുടക്കി സ്റ്റിക്കർ നീക്കുന്ന തിരക്കിലാണ്.

ഡോർ ഗ്ലാസുകളും വിൻഡ് ഷീൽഡ് ഗ്ലാസുകളും കർട്ടൺ, ഫിലിം തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് മറക്കുന്നതിനെതിരെയാണ് പരിശോധന. പിറകിലെ ഗ്ലാസിന് 70 ശതമാനം വിസിബിലിറ്റി വേണമെന്നാണ് നിയമം.സൈഡ് ഗ്ലാസിന് 50 ശതമാനം കൂളിംഗ് വരെയാകാം .എന്നാൽ അത് ഗ്ലാസിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ ചെയ്തിരിക്കുന്നതായിരിക്കണം. ഗ്ലാസുകളിൽ അധികമായി കൂളിഗും മറ്റ് ഫിലുമുകളും ഒട്ടിക്കുന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ ഗ്ലാസ് പൊട്ടിക്കാൻ പ്രയാസവും പൊളിച്ചാൽ തന്നെ വലിയ കഷണങ്ങളായി ഉടയുന്നത് അപകടസാദ്ധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

പരിശോധന അഞ്ചാംദിവസം

കണ്ണൂരിൽ 17 മുതൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരിശോധന ആരംഭിച്ചത്.

1250 രൂപ വരെ പിഴ ചുമത്താമെങ്കിലും ആദ്യ ഘട്ടത്തിൽ 250 രൂപയാണ് പിഴ ഈടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വീണ്ടും പിടിക്കപ്പെട്ടാൽ 1250 രൂപ പിഴ ചുമത്താനും ആർ.സി റദ്ദാക്കാനുമാണ് ഉത്തരവ്.