കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി ഹൈക്കമാൻഡിനെ അറിയിച്ചു. തിരുവനന്തപുരത്തെത്തുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി 23ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും. അടുത്ത ആഴ്ച ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നതായും താത്കാലിക അദ്ധ്യക്ഷസ്ഥാനം തനിക്കു വേണ്ടെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നതായും നേരത്തെ റിപ്പോർട്ട് വന്നിരുന്നു. കഴിഞ്ഞദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പോയിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ്, തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതിയുടെ അദ്ധ്യക്ഷനായി ഉമ്മൻചാണ്ടി നിയോഗിക്കപ്പെട്ടതുപോലെ സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങളുയർന്നത്. അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച് ദേശീയ നേതാക്കളുമായി സംസാരിച്ച കാര്യം സുധാകരൻ മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തി.
മറ്റു ജില്ലകൾ കോൺഗ്രസിനെ കൈവിട്ടപ്പോൾ താത്കാലിക ആശ്വാസമായ കണ്ണൂരിലെ വിജയം ഉയർത്തിപ്പിടിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിക്കാൻ സുധാകരവിഭാഗം നേരത്തെ നീക്കം തുടങ്ങിയിരുന്നു. കണ്ണൂർ കോർപ്പറേഷനിലെ വിജയത്തിന്റെ ശില്പിയെന്ന നിലയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർത്ഥിനിർണയത്തിൽ താനുമായി യാതൊരു കൂടിയാലോചനയും സുധാകരൻ നടത്തിയില്ലെന്നു മുല്ലപ്പള്ളിയും ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.
13 ജില്ലാ കമ്മിറ്റികളും കെ.പി.സി.സി നിർദ്ദേശാനുസരണം പ്രവർത്തിച്ചപ്പോൾ കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയം കെ.സുധാകരന്റെ നിർദ്ദേശപ്രകാരമായിരുന്നു. ചിലയിടത്ത് കെ.പി.സി.സി സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിറുത്തിയെങ്കിലും സുധാകരന്റെ സമ്മർദ്ദത്തെ തുടർന്ന് അവസാനം പിന്മാറേണ്ടി വന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന സമയത്ത് കെ. സുധാകരന്റെ പേരും ചർച്ചയിലുണ്ടായിരുന്നു. ഇപ്പോൾ ഹൈക്കമാൻഡ് പിന്തുണ സുധാകരനുണ്ടെന്നാണ് സൂചന. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന മുറയ്ക്ക് സുധാകരൻ കെ.പി.സി സിയുടെ തലപ്പത്ത് എത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.