pvc
ഡോ. സാബു അബ്ദുൾ ഹമീദ്

കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രോ–വൈസ് ചാൻസലറായി ഡോ. സാബു അബ്ദുൾ ഹമീദ് ഇന്ന് ചുമതലയേൽക്കും. തലശേരി പാലയാട് ഡോ. ഇ.കെ. ജാനകി അമ്മാൾ കാമ്പസ്സിലെ ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം പ്രൊഫസറായ ഡോ. സാബുവിനെ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പി.വി.സിയായി നിയമിക്കാൻ തീരുമാനിച്ചത്.

വിരമിക്കുന്ന ഡോ. പി.ടി. രവീന്ദ്രന്റെ ഒഴിവിലാണ് നിയമനം. സർവകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടറും മൈക്രോബയോളജി വിഭാഗം പ്രൊഫസറുമായ ഡോ. സാബു അബ്ദുൾഹമീദ് രാജ്യാന്തരതലത്തിൽ അംഗീകാരം നേടിയ ശാസ്ത്രഗവേഷകനാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഇദ്ദേഹം കൊച്ചി സർവകലാശാലയിൽനിന്നാണ് മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടിയത്. ഫ്രാൻസിലെ പോൾ സിസെയിൻ യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ സയന്റിസ്റ്റ് ഫെലോ ആയും അമേരിക്കയിലെ ജോർജിയ സർവകലാശാല, ഹങ്കറിയിലെ ബുഡാപെസ്റ്റ് സാങ്കേതിക സർവകലാശാല, മെക്‌സിക്കോയിലെ കോവില ഓട്ടോണമസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിംഗ് സയന്റിസ്റ്റായും പ്രവർത്തിച്ചു. മെക്‌സിക്കോയിലെ ഏജൻസി ഫോർ ഇന്റർനാഷണൽ കോ– ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിൽ വിസിറ്റിംഗ് പ്രൊഫസറാണ്. ബയോടെക് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മാളവ്യ മെമ്മോറിയൽ അവാർഡ് നേടിയിട്ടുണ്ട്. കുസാറ്റിന്റെ മെമ്പർ സിൻഡിക്കേറ്റ്, എം.ജി സർവ്വകലാശാലാ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇൻസ്ട്രുമെന്റേഷൻ വിദഗ്ധ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഏഷ്യൻ കൗൺസിൽ ഓഫ് സയൻസ്, ഏഷ്യൻ ജർണൽ ഓഫ് ബയോടെക്നോളജി എന്നിവയുടെ പത്രാധിപ സമിതിയിൽ അംഗമായ സാബു സ്വിറ്റ്സർലൻഡിലെ ഫുഡ് പ്രൊസസിംഗ് ജർണലിന്റെ റിവ്യൂ എഡിറ്ററാണ്.
നൂറോളം ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ചു. കാൻസർ മരുന്ന് ഗവേഷണത്തിന് അടുത്തിടെ ലഭിച്ചതുൾപ്പെടെ ആറ് പേറ്റന്റും സ്വന്തമായുണ്ട്. കേരള സർവകലാശാല ബോട്ടണി വിഭാഗം മേധാവി ഡോ. ടി.എസ്. സ്വപ്‌നയാണ് ഭാര്യ. മകൾ: ചാന്ദ്നി സാബു.