പരിയാരം (കണ്ണൂർ): പരിയാരം ഏമ്പേറ്റിൽ യുവതിയെ സ്‌കൂട്ടർ യാത്രികൻ അപമാനിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പരിയാരം പൊലീസ്. കഴിഞ്ഞ ദിവസം രാവിലെയാണ് 25കാരിക്ക് മോശമായ അനുഭവമുണ്ടായത്. ഹെൽമറ്റ് വച്ചിരുന്നതിനാൽ യുവതി പ്രതിയുടെ മുഖം കണ്ടിരുന്നില്ല. പെട്ടെന്നുണ്ടായ ഞെട്ടലിലും വെപ്രാളത്തിലും ഓടി രക്ഷപ്പെട്ടതിനാൽ വാഹനത്തിന്റെ നമ്പറും ലഭിച്ചിരുന്നില്ല.

തുടർന്ന് പരിയാരം പൊലീസിൽ യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഭവ സ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് വരികയാണ്. പരിയാരം സഹകരണ ബാങ്കിന്റെ നിരീക്ഷണ കാമറ പരിശോധിച്ചുവെങ്കിലും ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ സമീപത്തായി പ്രവർത്തിക്കുന്ന കെമിക്കൽ സ്ഥാപനത്തിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിയാരം പൊലീസ് പരിശോധിച്ചു.

തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രതി ഇയാളല്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പരിയാരം പൊലീസ് അറിയിച്ചിട്ടുണ്ട്.