hostal-
ഉദയഗിരിയിലെ വനിതാ ഹോസ്റ്റൽ

ചിലവ് താങ്ങാനാകാതെ താമസക്കാർ

കാസർകോട്: ഉദയഗിരിയിൽ തങ്ങൾക്കായി ഒരു ഹോസ്റ്റൽ വരുന്നത് സന്തോഷപൂർവം സ്വീകരിച്ച സർക്കാർ ജീവനക്കാരായ വനിതകൾ ഓരോ മാസത്തെയും ചിലവ് കേട്ട് അന്ധാളിക്കുന്നു. സ്വകാര്യവ്യക്തികളുടെ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ചാൽ പോലും ഇത്ര ചിലവ് വരില്ലെന്നാണ് ആരോപണം.

താമസം,​ ഭക്ഷണം,​ കറന്റ് ചാർജ്, വെള്ളക്കരം എന്നിവയ്ക്കു പുറമേ ഹോസ്റ്റലിലെ ജീവനക്കാരുടെ മാസശമ്പളവും താമസക്കാർ വഹിക്കണമെന്നായതോടെയാണ് അന്തേവാസികൾക്ക് ചിലവേറിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥകൾ ഉൾപ്പെടെയുളഅളവരാണ് ഇവിടെ താമസിക്കുന്നത്.

120 പേർക്ക് താമസിക്കാൻ പറ്റുന്ന രണ്ട് ബ്ലോക്കുകളിൽ നിലവിൽ 21 പേർ മാത്രമാണ് താമസിക്കുന്നത്. രണ്ട് വീതം വാർഡൻ, സ്വീപ്പർ, സെക്യൂരിറ്റി ജീവനക്കാരും മൂന്ന് ഭക്ഷണം പാചകം ചെയ്യുന്നവരുമാണ് ഹോസ്റ്റലിൽ ജോലിക്കാരായുള്ളത്. ഇവരുടെയെല്ലാം ശമ്പളത്തുകയായ 84,​000 രൂപ മാസംതോറും നൽകണമെന്നാണ് വനിതാ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. മാസം 638 രൂപ വാടകഅടച്ചും 2500 രൂപ നിക്ഷേപം നൽകിയുമാണ് കളക്ട്രേറ്റിൽ നിന്ന് ജീവനക്കാർക്ക് മുറി അനുവദിക്കുന്നത്.

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് സർക്കാർ വനിതാ ഹോസ്റ്റൽ പണിതത്. ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പുമാണ് ഹോസ്റ്റലിന്റെ ചുമതല വഹിക്കുന്നത്.

താമസ സൗകര്യവും പരിമിതം

മുറികളിലെ താമസ സൗകര്യവും പരിമിതമാണെന്ന ആക്ഷേമുണ്ട്. 'തീവണ്ടികളിലെ ബർത്ത്' പോലെയാണ് മൂന്നു പേർക്ക് കിടക്കേണ്ടുന്ന കട്ടിലുകൾ ഇട്ടിരിക്കുന്നതത്രെ. ജീവനക്കാർക്ക് അലോട്ട്മെന്റ് നൽകുന്നത് തോന്നിയതു പോലെയാണ്. താഴത്തെ നിലയിൽ കുറച്ചു പേർക്ക് നൽകി ഒന്നാം നിലയിലെ മുറികൾ ഒഴിച്ചിട്ട ശേഷം രണ്ടാമത്തെ നിലയിലേക്ക് കുറെ പേർക്ക് അലോട്ട്മെന്റ് നൽകി. മറ്റു ചിലർക്ക് രണ്ടാമത്തെ ബ്ലോക്കിലാണ് അലോട്ട്മെന്റ്. ഇവരെ എല്ലാവരെയും ഒറ്റ ബ്ലോക്കിൽ പാർപ്പിച്ചാൽ ചിലവ് കുറയ്ക്കാൻ കഴിയും.

വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കും ഭക്ഷണച്ചെലവും കൊടുക്കാൻ ബാധ്യസ്ഥരാണെങ്കിലും ശമ്പളം നൽകണമെന്നത് അംഗീകരിക്കാനാകില്ല. ചുരുങ്ങിയ താമസക്കാർക്ക് ഇത്ര ജീവനക്കാരും വേണ്ട. മുറികളെല്ലാം ഞങ്ങൾ തന്നെയാണ് തൂത്തുവാരുന്നത്.

ഹോസ്റ്റൽ താമസക്കാരിയായ സർക്കാർ ഉദ്യോഗസ്ഥ

മാസങ്ങളായി കൊവിഡ് സെന്റർ ആയിരുന്ന ഹോസ്റ്റലിൽ ഇപ്പോൾ താമസം തുടങ്ങിയതേയുള്ളൂ. 120 പേരുടെ സൗകര്യമുള്ള സ്ഥലത്ത് 21 പേർ മാത്രമാണ് വന്നിരിക്കുന്നത്. അതിന്റെ പോരായ്മകൾ കാണും. കൂടുതൽ ജീവനക്കാരികൾ എത്തിയാൽ പ്രശ്നങ്ങൾ തീരും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി വിഷയം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കവിതാ റാണി രഞ്ജിത്ത് (ജില്ലാ പ്രോഗ്രാം ഓഫീസർ, വനിതാ ശിശു വികസന വകുപ്പ് )