തളിപ്പറമ്പ്: മാലിന്യമുക്തമായി, തെളിനീരഴകോടെ പ്രതാപം വീണ്ടെടുക്കാൻ ജില്ലയിലെ മൂന്ന് നദികൾ. രാമപുരം, പെരുമ്പ, കുപ്പം പുഴകളാണ് മാലിന്യമുക്തമാകുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കിഡ്ക്) പദ്ധതിയുടെ ഭാഗമായുള്ള പുഴകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.
ദേശീയ ഹരിത ട്രൈബ്യൂണൽ രാജ്യത്തെ മലിനമായ നദികളിൽ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 21 പുഴകളെ തിരഞ്ഞെടുത്തത്. മലിനീകരണ നിയന്ത്രണ ബോർഡ്, ജലവിഭവ വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ഭാഗമാക്കിയാണ് പ്രവർത്തനം. തിരഞ്ഞെടുത്ത മൂന്ന് നദികളെക്കുറിച്ചും അവയുടെ കൈവഴികളെക്കുറിച്ചും പഠിക്കുന്നതിന് വിവിധ എൻജിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെ നിയോഗിച്ചിട്ടുണ്ട്.

പുഴ സന്ദർശിച്ച് സർവ്വേ തയ്യാറാക്കും


പുഴകളിലെ മലിനീകരണ തോത് കണ്ടെത്തുന്നതിനായി എൻജിനീയറിംഗ് വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം പുഴകൾ സന്ദർശിച്ച് സർവ്വേ റിപ്പാർട്ട് തയ്യാറാക്കും. എല്ലാ മാസവും പുഴകളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ജലം ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി ജലത്തിലെ ഇ-കോളി ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിദ്ധ്യം പരിശോധിക്കും. ഇത്തരം പഠനത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുഴയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത് കുപ്പം പുഴ ഒഴുകുന്ന കുപ്പം പ്രദേശത്താണ്.


ഭീഷണിയാകുന്നത് ഇ- കോളി ബാക്ടീരിയ
ജില്ലയിൽ ഒഴുകുന്ന ഒമ്പത് പുഴകളിൽ മലിനീകരണം ഏറ്റവും കൂടുതലുള്ള പുഴകളാണ് രാമപുരം, പെരുമ്പ, കുപ്പം പുഴകൾ. കുപ്പം പുഴയ്ക്ക് 82 കിലോ മീറ്റർ നീളവും പെരുമ്പം പുഴയ്ക്ക് 51 കിലോ മീറ്റർ നീളവും രാമപുരം പുഴയ്ക്ക് 19 കിലോ മീറ്റർ നീളവുമാണുള്ളത്. രാമപുരം പുഴയാണ് ജില്ലയിലെ ഏറ്റവും നീളം കുറഞ്ഞ പുഴ. എന്നാൽ ഏറ്റവും മലിനീകരിക്കപ്പെട്ടതും ഈ ചെറിയ പുഴയാണ്. പുഴ ഒഴുകുന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം, അറവ് മാലിന്യം എല്ലാം ഒഴുക്കി വിടുന്നത് പുഴകളിലേക്കാണ്.

പദ്ധതിയുടെ വിശദമായ ഡി.പി.ആർ ഫെബ്രുവരി അവസാനത്തോടെ സംസ്ഥാന നിരീക്ഷണ സമിതിക്ക് സമർപ്പിക്കും. അതിന് ശേഷമായിരിക്കും ബാക്കി നടപടികൾ. പുഴയിലെ വെള്ളത്തിന്റെ ബിഒഡി (ബയോകെമിക്കൽ ഓക്‌സിജൻ ഡിമാന്റ്) മൂന്ന് മില്ലി ഗ്രാം പെർ ലിറ്റർ എന്ന അളവിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങളാവും കൈക്കൊള്ളുക.

ബേസിൽ ജെർമിയാസ്

എക്‌സിക്യൂട്ടീവ് എൻജിനീയർ, ജലവിഭവ വകുപ്പ്