പയ്യന്നൂർ: കർണാടക സർക്കാറിന്റെ അനുകൂല തീരുമാനമുണ്ടായാൽ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോത്ത് നിന്നും കർണാടകയിലെ ബാഗമണ്ഡലത്തിലേക്കുള്ള റോഡ് പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സി. കൃഷ്ണൻ എം.എൽ.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുളിങ്ങോത്തു നിന്നും ബാഗമണ്ഡലത്തിലേക്കുള്ള റോഡ് പദ്ധതിയുടെ ഭാഗമായി 2008 ൽ സി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തി പുളിങ്ങോം പുഴയ്ക്ക് കുറുകെ കർണാടക അതിർത്തിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നേരത്തെ നിർമ്മിച്ചിട്ടുണ്ട്. ഇതു വഴിയുള്ള റോഡ് യാഥാർത്ഥ്യമായാൽ പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ദൂരത്തിൽ 80 കിലോമീറ്ററോളം കുറവ് വരും. കർണാടക വനമേഖലയിലൂടെ കടന്നുപോകുന്നതാണ് നിർദ്ദിഷ്ട പുളിങ്ങോം-ബാഗമണ്ഡലം റോഡ്. നിലവിൽ ഈ ഭാഗത്ത് 18 കി.മീ മണ്ണ് റോഡ് ഉണ്ട്. ഇത് കർണാടക വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്. പാലം നിർമ്മാണ ഘട്ടത്തിൽ തന്നെ അനുബന്ധ റോഡ് നിർമ്മാണത്തിന് കർണാടക സർക്കാറുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അനുമതി തടസപ്പെടുകയായിരുന്നു.