ഇരിട്ടി: ഒരു സീറ്റ് മേൽക്കൈ നേടി എൽ.ഡി.എഫ് ഭരണം പിടിക്കുകയും ഒരു സി.പി.എം അംഗത്തിന്റെ മരണത്തോടെ സമനിലയിലാകുകയും നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് അധികാരത്തിലേറുകയും ചെയ്ത ആറളം പഞ്ചായത്തിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പിലെ നറുക്കെടുപ്പിൽ യു.ഡി.എഫിന് നേട്ടം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വികസനത്തിൽ കോൺഗ്രസിലെ ജോസ് അന്ത്യാംകുളവും ക്ഷേമകാര്യത്തിൽ കോൺഗ്രസിലെ വത്സ ജോസ് പുത്തൻപുരയ്ക്കലും അദ്ധ്യക്ഷരായി. ആരോഗ്യ വിദ്യാഭ്യാസത്തിലും നറുക്കെടുപ്പിനുള്ള സാഹചര്യം ആയിരുന്നെങ്കിലും യു.ഡി.എഫിലെ നാസർ ചാത്തോത്തിന് അസുഖ ബാധിതനായതിനെ തുടർന്ന് എത്താൻ സാധിച്ചില്ല. സി.പി.ഐയിലെ ഇ.സി.രാജു തിരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതിയിൽ ഇരുപക്ഷവും തുല്യ നിലയായതിനാൽ വൈസ് പ്രസിഡന്റ് സ്വഭാവികമായി അദ്ധ്യക്ഷ സ്ഥാനത്തെത്തുന്ന ധനകാര്യ സമിതിയിലേക്ക് വനിതാ അംഗത്തെ നിയോഗിക്കാൻ നേരത്തെ ഇരുപക്ഷവും തയാറായിരുന്നില്ല. തുടർന്ന് സമിതി അംഗങ്ങളേയും നറുക്കെടുപ്പിലൂടെ നിശ്ചയിച്ച ശേഷമാണ് അദ്ധ്യക്ഷന്മാർക്കായും നറുക്കെടുപ്പ് നടത്തിയത്. വരണാധികാരി സഹകരണ അസി. രജിസ്ട്രാർ പ്രദോഷ് കുമാർ നേതൃത്വം നൽകി.