ഇരിയ (കാസർകോട് ): ഇരിയ കാഞ്ഞിരടുക്കത്തെ സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമ്മിച്ചു നൽകിയ വീട്ടിൽ താമസിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതയായ ശ്രീനിഷയോടും കുടുംബത്തോടും വീടൊഴിഞ്ഞു പോകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം നോട്ടീസ് നൽകിയെന്ന് ആരോപിച്ച് പുല്ലൂർ വില്ലേജ് ഓഫീസറെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഉപരോധിച്ചു.
സായ് ഗ്രാമത്തിൽ സത്യസായ് ട്രസ്റ്റ് നിർമ്മിച്ചു സർക്കാരിന് നൽകിയ 45 വീടുകളിൽ 23 വീടുകൾ ഇതുവരെയായി അർഹരായ ആളുകൾക്കു കൈമാറാത്ത ജില്ലാഭരണകൂടം ഇപ്പോൾ അർഹയായ ശ്രീനിഷയോടും കുടുംബത്തോടും പട്ടികയിൽ ഇല്ലെന്ന് എന്ന് പറഞ്ഞ് നോട്ടീസ് നൽകിയെന്നാണ് ആരോപണം.
ഇക്കാര്യങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി അതേ വീട് നൽകാനുള്ള നടപടികൾ ചെയ്യാമെന്നും അതുവരെ നൽകിയ നോട്ടീസിന്മേൽ അനന്തര നടപടികൾ കൈകൊള്ളില്ലെന്നും വില്ലേജ് ഓഫീസർ ഉറപ്പ് നൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കാർത്തികേയൻ പെരിയ, സത്യനാഥൻ പത്രവളപ്പിൽ, ഇസ്മയിൽ ചിത്താരി, അസംബ്ലി കമ്മിറ്റി പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, മണ്ഡലം പ്രസിഡന്റ് മനോജ് ചാലിങ്കാൽ, രാജേഷ് പുല്ലൂർ, റഷീദ് നാലക്ര തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്കി.