പയ്യന്നൂർ:മുത്തച്ഛന്റെ സാത്വിക ഭാവം തുളുമ്പുന്ന വാത്സല്യവും ചിരിയും കുസൃതിയും വിഷാദവുമായി ദേശീയശ്രദ്ധ നേടിയ ദേശാടനമടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി (98)അന്തരിച്ചു. ഇന്നലെ വൈകിട്ട് 6.10ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11ന് കോറോം തറവാട്ടു ശ്മശാനത്തിൽ നടക്കും.
കൊവിഡ് മുക്തനായി വീട്ടിൽ വിശ്രമിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഞായറാഴ്ചയാണ് അദ്ദേഹം വീട്ടിലെത്തിയത്.
കോറോത്തെ പ്രശസ്തമായ പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണൻ വാദ്ധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി 1923 ഒക്ടോബർ 19നാണ് ജനനം. കോറോം ദേവീസഹായം യു. പി സ്‌കൂൾ മാനേജരാണ്.
1996ൽ ജയരാജ് സംവിധാനം ചെയ്ത 'ദേശാടന'ത്തിലൂടെ എഴുപത്തിമൂന്നാം വയസിലാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കല്യാണരാമൻ, കൈക്കുടന്ന നിലാവ്, ഒരാൾമാത്രം, രാപ്പകൽ, അങ്ങനെ ഒരവധിക്കാലത്ത് തുടങ്ങി 22 സിനിമകളിൽ അഭിനയിച്ചു. ദിലീപ് നായകനായ 'മായാമോഹിനി'യാണ് അവസാന ചിത്രം. നാല് തമിഴ് സിനിമകളിലും വേഷമിട്ടു. കമലഹാസനൊപ്പം പമ്മൽ കെ സമ്മന്തം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായിയുടെ മുത്തച്ഛനായി കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.
എ. കെ .ജിയുടെ 'പ്രിയപ്പെട്ട ഉണ്ണി'യായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, കമലഹാസൻ, രജനീകാന്ത് എന്നിവരുമായും അടുത്ത സൗഹൃദമായിരുന്നു.പ്രഗത്ഭ സംഗീതസംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവാണ്.
ഭാര്യ: പരേതയായ ലീല അന്തർജ്ജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട. സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി വി ഉണ്ണികൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമാ പിന്നണി ഗായകൻ), ഇന്ദിര (അദ്ധ്യാപിക, കോറോം ദേവീസഹായം യുപി സ്‌കൂൾ), പുരുഷോത്തമൻ (എൻജിനിയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ. പി വി കെ നമ്പൂതിരി, സരസ്വതി അന്തർജ്ജനം, സാവിത്രി അന്തർജ്ജനം, സുവർണിനി അന്തർജ്ജനം.
വിടവാങ്ങിയത് മലയാള സിനിമയിലെ മുത്തച്ഛൻ
കണ്ണൂർ:ദേശാടനം സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഉണ്ണികൃഷ് ണൻ നമ്പൂതിരി നാട്ടുകാർക്കും സിനിമാ പ്രവർത്തകർക്കും പ്രിയപ്പെട്ട മുത്തച്ഛനായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവർക്കും തറവാട് പോലെയായിരുന്നു പയ്യന്നൂർ കോറോത്തെ ഇല്ലം. കഴിഞ്ഞ ഡിസംബർ 25ന് തൊണ്ണൂറ്റി എട്ടാം പിറന്നാൾ ലളിതമായാണ് ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം നൂറ് തികയ്ക്കുക എന്നതായിരുന്നു. അടുത്ത ബന്ധുക്കളോടൊല്ലം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. മലയാളി പ്രേക്ഷകരുടെയും സ്വന്തം മുത്തച്ഛനായി മാറിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് പ്രായത്തിന്റെ ചെറിയ അവശതകളുണ്ടെങ്കിലും ഓർമകൾക്ക് അവസാനകാലം വരെ നല്ല തെളിമയായിരുന്നു.
എ.കെ.ജിയുടെ പ്രിയപ്പെട്ട ഉണ്ണി
കണ്ണൂർ :മലയാളികളുടെ ഈ മുത്തച്ഛൻ എ.കെ.ജിയുടെ പ്രിയപ്പെട്ട ഉണ്ണിയാണ്. എ.കെ.ജിയുമായി സഹോദരതുല്യമായ ബന്ധം പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലം ഒരു കാലത്ത് കമ്യൂണിസ്റ്റുകാരുടെ ഒളിത്താവളമായിരുന്നു. പാർട്ടി നിരോധിച്ചിരുന്ന കാലത്ത് എ.കെ.ജി, ഇ.എം.എസ്, നായനാർ, കെ.പി.ആർ.ഗോപാലൻ, സുബ്രഹ്മണ്യ ഷേണായി തുടങ്ങിയവർക്ക് അഭയം നൽകിയത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പുല്ലേരി വാദ്ധ്യാരില്ലാത്തായിരുന്നു.
സേലം ജയിൽ ചാടിയെത്തിയ എ.കെ.ജിക്ക് ഇല്ലം സുരക്ഷിത താവളമായിരുന്നു. സായുധ പൊലീസ് വീടു വളഞ്ഞപ്പോഴും പതറാതെ രക്ഷിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അമ്മ ദേവകി അന്തർജനത്തിന് പിന്നീട് എ.കെ.ജി അയച്ച കത്തുകൾ അദ്ദേഹം നിധിപോലെ കാത്തുസൂക്ഷിച്ചിരുന്നു. എ.കെ.ജി പ്രസംഗിച്ചിരുന്ന വേദികളിൽ പടപ്പാട്ട് പാടിയിരുന്നത് ഉണ്ണിയായിരുന്നു.
എ.കെ.ജിയുടെ വാച്ചുകെട്ടി പുറത്തിറങ്ങി കൂട്ടുകാരോട് ഇത് എ.കെ.ജിയുടെ വാച്ചാണെന്ന് പറഞ്ഞതും എ.കെ.ജിയോട് പറഞ്ഞപ്പോൾ ശകാരിച്ചതും ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിമാനത്തോടെയാണ് ഓർത്തിരുന്നത്.
പകരംവയ്ക്കാനില്ലാത്ത നടൻ: ജയരാജ്
കോട്ടയം: ദേശാടനം സിനിമയിൽ ഒരു മുത്തച്ഛനെ വേണം... പലരെയും നോക്കിയിട്ടും തൃപ്തി വന്നില്ല. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വീട്ടിൽ ഒരു ചടങ്ങിന് ചെന്നപ്പോഴാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ കാണുന്നത്. ഒറ്റനോട്ടത്തിൽ ഇതാണ് ഞാൻ അന്വേഷിച്ചുനടന്ന മുത്തച്ഛനെന്ന് മനസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മാടമ്പിനോട് എങ്ങനെയെന്നു ചോദിച്ചപ്പോൾ തരക്കേടില്ലെന്നു പറഞ്ഞു. കൈതപ്രവുമായി സംസാരിച്ചപ്പോഴാണ് ഭാര്യാ പിതാവാണെന്നറിഞ്ഞത്. പൂജയും മറ്റും ചെയ്യുന്നതല്ലാതെ അഭിനയിച്ചിട്ടില്ല, ചോദിച്ചുനോക്കാൻ പറഞ്ഞു. എന്നെക്കൊണ്ടു പറ്റുമോ എന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും എടപ്പാൾ നാറാത്ത് മനയിൽ നടന്ന ഷൂട്ടിംഗിൽ ശരിക്കും കാരണവരായി മാറി. എങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞില്ല. പക്ഷേ ഓരോ രംഗങ്ങളും അഭിനയിച്ചത് സ്വാഭാവികമായിട്ടായിരുന്നു. വൈകാരിക രംഗങ്ങളിലെ അഭിനയം ശരിക്കും ഞെട്ടിച്ചു. ദേശാടനത്തിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് പകരം മറ്റൊരു നടനെ സങ്കൽപ്പിക്കാൻ സാധിക്കില്ല. ആദ്യ സിനിമയ്ക്ക് ശേഷം അദ്ദേഹം എല്ലാവരുടെയും മുത്തച്ഛനായി മാറി.