പാപ്പിനിശ്ശേരി: ദേശീയപാത ബൈപാസിന്റെ ഭാഗമായി പാപ്പിനിശ്ശേരി തുരുത്തിയിലെ മുഴുവൻ സ്ഥലങ്ങളുടെയും വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെയും സർവ്വേ നടപടികൾ ബുധനാഴ്ച പൂർത്തിയാക്കി. ഇതോടെ കണ്ണൂർ ബൈപാസിന്റെ ഭാഗമായി വിവിധ വില്ലേജു കളിലെ സ്ഥലം നിർണയം മുഴുവനും പൂർത്തിയായി. തുരുത്തിയിൽ സമ്മത പത്രം ഇനിയും നൽകാത്ത കുടുംബങ്ങൾ സർവ്വേ നടപടികളുമായി സഹകരിച്ചതോടെയാണ് അധികൃതർക്ക് പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കാനായത്.
പാപ്പിനിശ്ശേരി തുരുത്തിയിൽ ഏറ്റെടുത്ത 15 ഏക്രയോളം സ്ഥലവും പ്രദേശത്തെ വീടുകളും ഏറ്റെടുക്കുന്നതിൽ പ്രാദേശികമായി ഉയർന്ന തടസ്സങ്ങൾ അധികൃതർക്ക് വലിയ കീറാമുട്ടിയായിരുന്നു. ദളിത് വിഭാഗക്കാരുടെ പ്രശ്നമായതിനാൽ അധികൃതരുടെ ഭാഗത്ത് നിന്നും മെല്ലേ പോക്ക് നയമാണ് ഈ കാര്യത്തിലുണ്ടായത്. എന്നാൽ 2021 ഫെബ്രുവരി 15ന് മുൻപ് എല്ലാ സർവ്വേ നടപടികളും പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശം വന്നതോടെയാണ് തുരുത്തിയിലെ കോളനി നിവസികളുടെ എതിർപ്പിനിടയിലും അധികൃതർ സർവ്വേ നടപടികളുമായി മുന്നോട്ട് പോയത്. എന്നാൽ അപ്പോഴും തുരുത്തി പട്ടികജാതി കോളനിയിലെ എട്ടു വീട്ടുകാർ പ്രതിഷേധവുമായി മാറി നിൽക്കുകയായിരുന്നു. റവന്യൂ സംഘത്തോടൊപ്പം പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.