പിണറായി: കഴിഞ്ഞ ഞായറാഴ്ച കാസർകോട്ട് നിന്നു സൈക്കിളിൽ പുറപ്പെട്ട്, 29 മണിക്കൂർ കൊണ്ട് 670 കിലോമീറ്റർ താണ്ടി തിരുവനന്തപുരത്തെത്തിയ രതീശൻ ഇന്ന് നാട്ടിലേക്ക് സൈക്കിളിൽ തന്നെ തിരിക്കും. സ്വദേശമായ പിണറായിയിലെ എടക്കടവിൽ ഞായറാഴ്ചയെത്തും. കണ്ണൂർ സൈക്ളിംഗ് ക്ലബ്ബ് കൂട്ടായ്മയുടെ പ്രസിഡന്റുകൂടിയായ കെ.വി. രതീശന് സൈക്കിളിംഗ് എന്നും ഒരു ആവേശമാണ്.
തലശേരി വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്‌മാനായ രതീശന് സൈക്കിളിംഗ് ജീവിതത്തോട് ചേർന്നു കിടക്കുന്ന വൈകാരികാനുഭവം കൂടിയാണ്. സൈക്ലിംഗിലൂടെ പരിസ്ഥിതി സംരക്ഷിക്കാം എന്ന സന്ദേശമുയർത്തിയായിരുന്നു മൂന്നു ദിവസത്തെ യാത്ര. കെ.വി രതീശനു പുറമേ കെ. ദിനേശൻ, അജിത്ത് എലത്തൂർ എന്നിവരടങ്ങുന്ന സംഘമാണ് ആദ്യം യാത്ര ചെയ്യാൻ തീരുമാനിച്ചത്. പക്ഷെ, ചില കാരണങ്ങളാൽ മറ്റു രണ്ടുപേരും ഒഴിവായി. എന്നാൽ, തീരുമാനിച്ച യാത്ര മുടക്കാതെ രതീശൻ തനിച്ച് പോകുകയായിരുന്നു. ആദ്യത്തെ ദിവസം പിണറായിയിൽ നിന്ന് കാസർകോട് ബേക്കൽ കോട്ടവരെ പോയി പിണറായിയിൽ തിരിച്ചെത്തി. അത് 200 കിലോമീറ്റർ ആയിരുന്നു. രണ്ടാം ദിവസം പിണറായിയിൽ നിന്നും 230 കിലോമീറ്റർ ദൂരം താണ്ടി കൊടുങ്ങല്ലൂരെത്തി. അന്നത്തെ ദിവസം ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പിറ്റേന്ന് 242 കിലോമീറ്റർ താണ്ടി തിരുവനന്തപുരത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂത്ത സഹോദരൻ കുമാരന്റെ മകൻ കൂടിയായ രതീശൻ മുഖ്യമന്ത്രിയെയും സന്ദർശിച്ചു.
ദിവസവും മുടങ്ങാതെ സൈക്ളിംഗ് നടത്തുന്നയാളാണ് രതീശൻ. അറുപതിനായിരം രൂപ വില വരുന്ന ഹൈബ്രിഡ് കാൻഡയിൻ ബേക്ബോയ് സൈക്കിളാണ് രതീശന്റേത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 250 ലധികം അംഗങ്ങളുള്ള സൈക്ലിംഗ് ക്ലബ്ബിൽ ചെറിയ ചെറിയ ഗ്രൂപ്പുകളായി അവരവരുടെ പ്രദേശങ്ങളിൽ സൈക്ലിംഗ് നടത്താറുണ്ട്.
50 കിലോ മീറ്റർ വരെ വേഗം
കഴിഞ്ഞ ദിവസം 50 കിലോ മീറ്റർ പ്ലസ് വേഗതയിലായിരുന്നു സൈക്കിളിന്റെ സ്പീഡ്. നല്ല ഫ്‌ളാറ്റ് റോഡായതാണ് യാത്ര എളുപ്പമാക്കിയത്. കണ്ണൂർ സൈക്ലിംഗ് ക്ലബ്ബിന്റെ ജേഴ്‌സിയിൽ യാത്ര ചെയ്തതിനാൽ എല്ലാവരും വിശേഷങ്ങൾ ചോദിക്കാനെത്തിയിരുന്നു. ഒരു വാട്ടർ ബോട്ടിലിൽ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളവും ഹൈഡ്രേഷൻ ബാഗിൽ പച്ചവെള്ളവും യാത്രയിൽ അത്യാവശ്യമാണ്.ഒരു മണിക്കൂറിൽ 40 കിലോമീറ്റർ കവർ ചെയ്യുമ്പോഴേക്കും ഒരുലിറ്റർ വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം.