പയ്യന്നൂർ: നിഷ്‌കളങ്കമായ വാത്സല്യവും ചിരിയും കുസൃതിയുമായി അനശ്വരമാക്കിയ കഥാപാത്രങ്ങളെ പിന്നിലാക്കി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഓർമ്മയായി. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ചയ്ക്ക് 12ന് കോറോത്തെ തറവാട്ട് ശ്മശാനത്തിൽ സംസ്‌കരിച്ചു. മൂത്തമകൻ ഭവദാസൻ നമ്പൂതിരി ചിതയ്‌ക്ക് തീ കൊളുത്തി.

ബുധനാഴ്ച വൈകിട്ട് 6.10ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. തങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛനെ കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ചലച്ചിത്ര പ്രേമികളും വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ എന്നിവർക്ക് വേണ്ടിയും റീത്തുകൾ സമർപ്പിച്ചു. ഗാനരചയിതാവും മകളുടെ ഭർത്താവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും പയ്യന്നൂർ കോറോത്തെ വീട്ടിലെത്തിയിരുന്നു.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. നടന്മാരായ മമ്മൂട്ടി,മോഹൻലാൽ, ജയറാം, മനോജ് കെ. ജയൻ, സംവിധായകൻ ജയരാജ് തുടങ്ങിയവർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ചു. കേരള ഹൈക്കോടതി, ജില്ലയിലെ മറ്റു കോടതികൾ എന്നിവയ്ക്ക് വേണ്ടി വിവിധ ജഡ്ജിമാർ ചേർന്ന് റീത്ത് സമർപ്പിച്ചു.