psc

കാസർകോട്: ഒഴിവുകൾ നിരവധിയുണ്ടായിട്ടും കുറച്ചുപേരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടി പി.എസ്.സി ഇത്തവണയും ആവർത്തിക്കുമെന്ന ആശങ്കയിൽ ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ. കഴിഞ്ഞ നവമ്പറിൽ നടന്ന എൽ.പി, യു.പി അസിസ്റ്റന്റ് പരീക്ഷകൾ എഴുതിയ ഉദ്യോഗാർഥികളാണ് ആശങ്കയിലായത്.

യു.പി യിൽ 400 പേരെയും എൽ.പി യിൽ 600 പേരെയും മുഖ്യ പട്ടികയിൽ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള തീരുമാനം പി.എസ്.സി കൈക്കൊണ്ടു എന്നാണ് സൂചന. 1987, 1992 കാലഘട്ടത്തിൽ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകരുടെ കൂട്ടവിരമിക്കൽ ഉൾപ്പെടെ അടുത്ത മൂന്നു വർഷം വൻഒഴിവുകളുണ്ടാകും. നിലവിൽ ഇരുന്നൂറോളം ഒഴിവുകൾ എൽ.പിയിലും നൂറോളം ഒഴിവുകൾ യു.പിയിലുമുണ്ട്. മൂന്നു വർഷത്തെ ഒഴിവുകൾ കൂടി കണക്കാക്കുമ്പോൾ അത് ആയിരത്തിലധികം വരും.

ഒഴിവുകൾ ഉണ്ടായിട്ടും വളരെ കുറച്ചു പേരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച പി.എസ്.സി തീരുമാനം മുൻ വർഷങ്ങളിൽ പ്രതിഷേധത്തിനും നിയമ നടപടികൾക്കും വഴിവെച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ റാങ്ക് ലിസ്റ്റ് കാലാവധിയായ മൂന്ന് വർഷത്തിൽ ഉണ്ടായേക്കാവുന്ന പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി കണക്കാക്കി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് 2020 ജൂലായിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിൽ വീഴ്ച വരുത്തുന്ന മേധാവികൾക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

തസ്തിക നിർണ്ണയം നടക്കാത്തത് തിരിച്ചടി

പൊതു വിദ്യാലയങ്ങളിലെ തസ്തിക നിർണ്ണയം നടക്കാത്തത് പി.എസ്.സി ചുരുക്കപ്പട്ടിക തയാറാക്കുമ്പോൾ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും. നിലവിലുള്ള ഒഴിവുകളും മൂന്ന് വർഷത്തേക്കുള്ള പ്രതീക്ഷിത ഒഴിവുകളും കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ നിയമന നിലയും കണക്കിലെടുത്താണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗാർഥികളുടെ എണ്ണവും കട്ട് ഓഫ് മാർക്കും നിശ്ചയിക്കുക. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. എന്നാൽ തസ്തിക നിർണ്ണയം നടക്കാത്തതിനാൽ അധിക തസ്തികകൾ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. വിരമിക്കൽ ഒഴിവുകളുടെ എണ്ണം മാത്രമാണ് കണക്കുകളിൽ വരുന്നത്.

അർഹതയില്ലാത്തവരും പരീക്ഷ എഴുതി

കെ ടെറ്റ് യോഗ്യതയുള്ളവർക്ക് മാത്രമായിരുന്നു ഇത്തവണ എൽ.പി, യു.പി അസിസ്റ്റന്റ് പരീക്ഷ എഴുതാനുള്ള അവസരമുണ്ടായത്. എന്നാൽ പി.എസ്.സി വെബ് സൈറ്റിലെ ഈക്വലൻസി ഓപ്ഷൻ ഉപയോഗിച്ച് അവസാന വർഷ വിദ്യാർത്ഥികളും കെ ടെറ്റ് യോഗ്യത നോട്ടിഫിക്കേഷൻ തീയതിക്ക് ശേഷം നേടിയവരും പരീക്ഷ എഴുതി. സർട്ടിഫിക്കറ്റ് പരിശോധന നടക്കുമ്പോൾ ഇവരെ പരിഗണിക്കാൻ കഴിയില്ല. പക്ഷേ, ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് സർട്ടിഫിക്കറ്റ് പരിശോധന ഇല്ലാത്തതിനാൽ ഇവരും ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കും. ഫലത്തിൽ യോഗ്യതയുള്ള നിരവധി പേരുടെ അവസരം നഷ്ടമാകും.